congress

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് വനിതാനേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ കള്ളപ്പണം പിടിക്കാനെന്ന പേരിൽ നടത്തിയ പരിശോധന പ്രചാരണായുധമാക്കാൻ കോൺഗ്രസ്. ഇതിന് പുറമേ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും കോൺഗ്രസ് സംഘടിപ്പിക്കും. വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും നീങ്ങാനും സർക്കാരിനും സി.പി.എമ്മിനുമെതിരെ പ്രതിരോധമുയർത്താനുമാണ് യു.ഡി.എഫിന്റെ നീക്കം.

നടപടിക്രമങ്ങൾ പാലിക്കാതെയും വനിതാപൊലീസിന്റെ സാന്നിദ്ധ്യമില്ലാതെയും സി.പി.എം, ബി.ജെ.പി പ്രവർത്തകരെയും മാദ്ധ്യമങ്ങളെയും അറിയിച്ച് നടത്തിയ റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പരിശോധനയിൽ കള്ളപ്പണം ലഭിക്കാതിരുന്നതോടെ റെയ്ഡിനെത്തിയ പൊലീസ് സംഘം പ്രതിരോധത്തിലായി. പരിശോധന നടക്കുന്ന സമയത്ത് ഹോട്ടിലേക്ക് ഡി.വൈ.എഫ്.ഐ, സി.പി.എം ബി.ജെ.പി പ്രവർത്തകർ എത്തിയതും യു.ഡി.എഫ് സംശയദൃഷ്ടിയോടെയാണ് വിലയിരുത്തുന്നത്. ഇതിന് പുറമേ ഹോട്ടലിൽ താമസിച്ചിരുന്ന സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ടി.വി രാജേഷ് റെയ്ഡ് സമയത്ത് യുവമോർച്ച നേതാവുമായി സംസാരിക്കുന്ന ചിത്രം പുറത്ത് വന്നത് വിവാദമായി.

വനിത കമ്മിഷന് പരാതി

കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറിയിൽ വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ അർദ്ധ രാത്രി നടന്ന പൊലീസ് റെയ്ഡ് സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മിഷന് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ പരാതി നൽകി.