മരവിപ്പിച്ചത് 15 പേരുടെ നിയമനം
വെള്ളറട: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ അമ്പൂരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലെ അദ്ധ്യാപക,ഹെല്പർ തസ്തികകളിലെ നിയമനം സർക്കാർ മരവിപ്പിച്ചു. പഞ്ചായത്തിലെ ആദിവാസികൾ ഉൾപ്പെടുന്ന തൊടുമല വാർഡിലുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു ദിവസങ്ങളായുള്ള പ്രതിഷേധം. പിന്നാലെയാണ് 11 ആയമാരുടെയും 4 അങ്കണവാടി അദ്ധ്യാപകരുടെയും നിയമനം സർക്കാർ ഇന്നലെ മരവിപ്പിച്ചത്. ആദിവാസികളെ ഉൾപ്പെടുത്താതെ നിയമന ഉത്തരവ് തയ്യാറാക്കിയതിൽ വൻ അഴിമതിയുണ്ടെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ശനിയാഴ്ച ആദിവാസികൾ ഐ.സി.ഡി.സി ചെർപേഴ്സനെ തടഞ്ഞുവച്ചിരുന്നു. രാത്രിയായിട്ടും ഇവരെ പുറത്തുവിട്ടില്ല. തുടർന്ന് ഓഫീസിനുള്ളിൽ കുഴഞ്ഞുവീണപ്പോൾ നെയ്യാർ ഡാം പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അന്ന് രാത്രി കാട്ടാക്കട ഡി.വൈ.എസ്.പി ഷിബു ഉദ്യോഗസ്ഥരുമായി സംസാരിച്ച് തിങ്കളാഴ്ച ഒത്തുതീർപ്പ് ചർച്ച നടത്താമെന്ന് അറിയിച്ചു. എന്നാൽ ചർച്ച നടന്നുവെങ്കിലും ഫലം കണ്ടില്ല. നിയമനയുത്തരവ് പിൻവലിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെയാണ് ചർച്ചയ്ക്ക് പിന്നാലെ ആദിവാസികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ 7 ഉദ്യോഗസ്ഥരെ അഞ്ചര മണിക്കൂറോളം ഓഫീസിനുള്ളിൽ പൂട്ടിയിട്ടത്. തുടർന്ന് രാത്രി 8.45ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണാമെന്നും നിയമന ഉത്തരവ് മരവിപ്പിക്കുമെന്നും ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് പഞ്ചായത്ത് ഡയറക്ടർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് നിയമനം താത്കാലികമായി മരവിപ്പിച്ച് ഉത്തരവായത്.
പഞ്ചായത്തിലെ കുന്നത്തുമല,ചാക്കപ്പാറ,പുരവിമല,അങ്കണവാടികളിൽ പ്രദേശവാസികളായ എസ്.ടി വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് നിയമനം നൽകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയതെന്ന് കണ്ടെത്തിയതിനാലാണ് താത്കാലികമായി നിയമന ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.