
മഞ്ഞുമ്മൽ ബോയ്സ് ടീം വീണ്ടും ഒരുമിക്കുന്നു. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന വേഷത്തിൽ എത്തുന്നു. അടുത്തവർഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മഞ്ഞുമ്മൽ ബോയ്സിന്റെ ഭാഗമായവരിൽ മിക്കവരും പുതിയ ചിത്രത്തിലും ഉണ്ടാകുമെന്നാണ് വിവരം. പറവഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം 25 കോടി മുടക്കിയ മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ നിന്നുമാത്രം 240 കോടിയാണ് നേടിയത്.
മൂലധനത്തിന്റെ പത്തിരട്ടിയാണ് തിരിച്ചുപിടിച്ചത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
101 ദിവസം കൊണ്ട് പൂർത്തിയായ സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചത് തമിഴ്നാട്ടിലെ കൊടൈക്കനാലിലാണ്. തമിഴ്നാട്ടിലും ചിത്രം വൻ വിജയം നേടി. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലുവർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് , അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ,  വിഷ്ണുരഘു എന്നിവരാണ് പ്രധാന താരങ്ങൾ. അതേസമയം ചിദംബരം അഭിനയ രംഗത്തേക്കും പ്രവേശിച്ചു. കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്റം.ദിലീഷ് പോത്തൻ, സജിൻ ഗോപു, ജാഫർ ഇടുക്കി, ശരണ്യ ആർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവംബർ 17ന് വയനാട്ടിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. ഇത് മൂന്നുതവണയാണ് ചാക്കോച്ചനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒരുമിക്കുന്നത്.