
തിരുവനന്തപുരം: പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ അർദ്ധരാത്രിയിൽ പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ച് വരണാധികാരിയായ ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടും. കള്ളപ്പണം പിടിക്കാനുള്ള റെയ്ഡ്, ഇതിന് കമ്മിഷൻ നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിഞ്ഞിരുന്നില്ല. റെയ്ഡ് തീരാറായപ്പോഴാണ് കളക്ടറെപ്പോലും അറിയിച്ചത്. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണെന്നും ആദ്യം പറഞ്ഞ പൊലീസ്, വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് മലക്കംമറിഞ്ഞു. എതിർ പാർട്ടിക്കാരാണ് വിവരം തന്നതെന്നും പറഞ്ഞു. റെയ്ഡ് സമയത്ത് ഹോട്ടലിൽ ബിജെപി, സി.പി.എം പ്രവർത്തകരെത്തിയതും ദുരൂഹം. 12 മുറികൾ അരിച്ചുപെറുക്കിയിട്ടും കള്ളപ്പണം കണ്ടെത്തിയിയില്ല. മറ്റാർക്കോ വേണ്ടിയാണ് പൊലീസ് റെയ്ഡ് ആസൂത്രണം ചെയ്തതെന്ന ആരോപണവുമുണ്ട്. പൊലീസിന്റെ വിശദീകരണം സഹിതമാവും കളക്ടർ കമ്മിഷന് റിപ്പോർട്ട് നൽകുക.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും നിഷ്പക്ഷവും നീതിയുക്തവുമായ നിലപാടുകൾ കൈക്കൊള്ളണമെന്നും ചുമതലകൾ നിർവഹിക്കുമ്പോൾ പക്ഷപാതരഹിതമാണെന്ന് ഉറപ്പാക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷപാതപരമായ നടപടികളുടെ പേരിൽ മഹാരാഷ്ട്ര ഡി.ജി.പി രശ്മി ശുക്ലയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. റെയ്ഡിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, റെയ്ഡിന് നേതൃത്വം വഹിച്ച അസി. സൂപ്രണ്ട് അശ്വതി ജിജി എന്നിവയെടക്കം മാറ്രാനിടയുണ്ട്. കോൺഗ്രസിന്റെ പരാതി ലഭിച്ച ശേഷമാവും കമ്മിഷന്റെ കൂടുതൽ നടപടികൾ. നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന് കണ്ടെത്തിയാലാവും ഉദ്യോഗസ്ഥരെ മാറ്റുക.