kochi

കൊച്ചി: അധികൃതർ എത്താഞ്ഞതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന കരാട്ടെ തായ്ക്കോണ്ടോ രജിസ്ട്രേഷനുകൾ മുടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് രണ്ടിനങ്ങൾക്കും രജിസ്ട്രേഷൻ വച്ചിരുന്നത്. ഇതനുസരിച്ച് വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ വൈകിട്ട് 4.30ന് തന്നെയെത്തി തുടങ്ങിയിരുന്നു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു രജിസ്ട്രേഷൻ നടക്കുന്നതെന്ന് അധികൃതർ ഔദ്യോഗികമായി അറിയിപ്പും നൽകി. അഞ്ച് കഴിഞ്ഞ് ആറായിട്ടും രജിസ്ട്രേഷൻ ചെയ്യുന്ന സംഘാടകരോ ബന്ധപ്പെട്ട അധികൃതരോ എത്തിയില്ല. സംഘാടനത്തിലെ പിഴവ് മൂലം രജിസ്ട്രേഷൻ സജ്ജീകരണം നടത്താൻ അധികൃതർക്ക് കഴിയാത്തതാണ് ഇന്നലെ 500ലധികം വരുന്ന കുട്ടികളെ വലച്ചത്. കുട്ടികൾ മറ്റ് അധികാരികളെ ബന്ധപ്പെട്ടപ്പോൾ ഇനി നാളെ നടത്താമെന്ന് പറഞ്ഞ് അധികൃതർ മുങ്ങി. തായ്ക്കോണ്ടോ മത്സരത്തിന് ഭാരം അളക്കുന്ന രീതിയുള്ളത് കൊണ്ട് രജിസ്ട്രേഷന് അധിക സമയം വേണ്ടി വരും. ഇന്ന് മത്സരങ്ങൾ നടത്തുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും രജിസട്രേഷൻ കഴിഞ്ഞ് മാത്രമേ നടക്കൂ. ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തിയ കുട്ടികളെ മനപൂർവ്വം ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നടപടിയിൽ ഇന്നലെ സ്റ്റേഡിയത്തിൽ രക്ഷിതാക്കളുടെയും പരിശീലകരുടെയും പ്രതിഷേധ സ്വരങ്ങളും ഉയർന്നു.