water

ആര്യനാട്: പാറക്കോറിയിലെ ജലം പൊതുറോഡിലേക്ക് തുറന്നുവിട്ടു. കുത്തിയൊലിച്ചെത്തിയ ജലം കണ്ട് മലവെള്ളപ്പാച്ചിലെന്നുകരുതി ആളുകൾ ഓടിമാറി.കുട്ടികൾ ഒഴുക്കിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി ശംഭുതാങ്ങിയിലെ സ്വകാര്യ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പാറക്വാറിയിലാണ് സംഭവം.

രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പാറക്കോറിയിൽ നിറഞ്ഞു കവിഞ്ഞ വെള്ളമാണ് പൊതുറോഡിലേക്ക് തുറന്നുവിട്ടത്. വെള്ളം കുത്തിയൊലിച്ച് പതിനഞ്ചോളം കുടുംബങ്ങളെ ആശങ്കയിലാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് സ്കൂൾ കുട്ടികൾ നടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി റോഡിലൂടെ മലവെള്ളപ്പാച്ചിൽപോലെ വെള്ളം കുത്തിയൊലിച്ചത്. കുട്ടികൾ ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.ഇതുവഴിയെത്തിയ കാൽ-വാഹന യാത്രികരും രക്ഷപ്പെട്ടത് തലനാരിഴ്യ്ക്കാണ്.

പാറക്കോറിയിലേക്ക് പോകുന്ന വാഹനങ്ങൾ കാരണം റോഡ് സഞ്ചാരയോഗ്യമല്ലാതായത് അടുത്തകാലത്ത് പ്രതിഷേധം ശക്തമായപ്പോഴാണ് സഞ്ചാരയോഗ്യമാക്കിയത്. ഇന്നലെ വെള്ളം കുത്തിയൊലിച്ച് ഈറോഡ് വീണ്ടും തകർന്നു. പാറമടയിൽ നിന്നും ഇത്തരം സംഭവം ഉണ്ടായത് അധികാരികളെ അറയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സമരസമിതി കൺവീനർ മലവിള അജയൻ പറഞ്ഞു.

ഫോട്ടോ........ശംഭുതാങ്ങി പാറക്വാറിയിലെ വെള്ളം റോഡിലൂടെ കുത്തിയൊലിക്കുന്നു.