നെയ്യാറ്റിൻകര: പാറശാല ഷാരോൺ രാജിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത തിരുവനന്തപുരം ഫോറൻസിക് മെഡിസിൻ പൊലീസ് സർജൻ ഡോ.ധന്യാ രവീന്ദ്രനെ കോടതിയിൽ വിസ്തരിച്ചു. ഷാരോൺ രാജിന് മറ്റ് അസുഖങ്ങൾ ഒന്നുമില്ലെന്നും 'പാരാക്വാന്റ്' എന്ന കളനാശിനി ഉള്ളിൽ ചെന്ന് കരൾ, കിഡ്നി, ശ്വാസകോശം എന്നിവ തകർന്നാണ് മരണം സംഭവിച്ചതെന്നും പൊലീസ് സർജൻ, അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീർ മുമ്പാകെ മൊഴിനൽകി. 2022ഒക്ടോബർ 25നാണ് ഷാരോൺ രാജ് മരിച്ചത്. വിഷമുള്ളിൽ ചെന്നശേഷം 24 മണിക്കൂറിനുള്ളിൽ 90 ശതമാനം പാരാക്വാന്റും വിസർജ്യത്തിലൂടെ പുറം തള്ളും. അതിനാൽ ആന്തരിക അവയവങ്ങളിൽ നിന്നും രക്തത്തിൽ നിന്നും വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് ഡോക്ടർ മൊഴിനൽകി. മെഡിക്കൽ ഐ.സി.യുവിൽ വച്ച് ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത സമയം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിയെ ഏൽപ്പിച്ച സീനിയർ സി.പി.ഒ അനിത പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ ഹാജരായി. തുടർ വിസ്താരം വെള്ളിയാഴ്ച നടക്കും.