തിരുവനന്തപുരം : സൗത്ത് ഉപജില്ലാ കലോത്സവ വിധിനിർണയത്തിനെതിരെ മത്സരാർത്ഥികളുടെ പ്രതിഷേധം. ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിലാണ് പ്രതിഷേധമുയർന്നത്. വിധിനിർണയത്തിൽ അപാകതയുണ്ടെന്നാരോപിച്ച് കോട്ടൺഹിൽ സ്‌കൂൾ വിദ്യാർത്ഥിനികളാണ് സ്‌റ്റേജിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ആ സമയം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം ദഫ് മുട്ട് മത്സരം നടക്കുകയായിരുന്നു. എച്ച്.എസ്.എസ് വിഭാഗം ഒപ്പനയിൽ മണക്കാട് ഗവ. ജി.എച്ച്.എസ്.എസിനാണ് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചത്. വിധിനിർണയത്തിൽ ക്രമക്കേടുണ്ടെന്ന് കോട്ടൺ ഹില്ലിലെ വിദ്യാർത്ഥിനികൾ ആരോപിച്ചു. മണക്കാട് ഗവ. ജി.എച്ച്.എസ്.എസിൽ നടക്കുന്ന കലോത്സവത്തിൽ ഒപ്പന മത്സരങ്ങൾ സ്‌റ്റേജ് മൂന്നിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും സൗകര്യക്കുറവുണ്ടെന്നുപറഞ്ഞ് വേദി ഒന്നിലേക്ക് മാറ്റുകയായിരുന്നു.ഇത് നിലവിലെ വിജയികളെ സഹായിക്കാനാണെന്നായിരുന്നു മറുപക്ഷത്തിന്റെ ആരോപണം. മത്സരങ്ങൾ വൈകുമെന്നായതോടെ കോട്ടൺഹിൽ സ്‌കൂൾ അധികൃതരും എ.ഇ.ഒയും ഇടപെട്ട് മത്സരം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും അപ്പീലിന് അവസരമുണ്ടെന്നും അറിയിച്ചു. തുടർന്ന് വിദ്യാർത്ഥിനികൾ പ്രതിഷേധം അവസാനിപ്പിച്ചു. അതിനുശേഷമാണ് ദഫ് മുട്ട് മത്സരങ്ങൾ തുടർന്നത്.