തിരുവനന്തപുരം: 'നാൻ ഉങ്ക സൂര്യ, ഉങ്കളാലെ മട്ടുമേ സൂര്യ... യൂ മേഡ് മീ വാട്ട് ഐ ആം ടുഡേ.." നടിപ്പിൻ നായകൻ സൂര്യയുടെ വാക്കുകൾക്ക് തലസ്ഥാനം നൽകിയത് നിറകൈയടി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടൻ സൂര്യ പറഞ്ഞ ഓരോ വാക്കുകളും ആരാധകരെ ആവേശത്തിരയിലാഴ്ത്തി. 14ന് തിയേറ്ററിലെത്തുന്ന കങ്കുവാ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് സൂര്യ ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. ഗോകുലം മൂവീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സ്ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ 'സൂര്യ സൂര്യ.." വിളികളെങ്ങും മുഴങ്ങി. സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും പ്രായഭേദമെന്യേ ജനം തിരക്കുകൂട്ടി. "നീങ്ക താൻ എൻ മൂച്ച്.. ഇതിഹാസങ്ങൾ പിറന്ന മണ്ണാണ് തിരുവനന്തപുരം. രക്തബന്ധത്തിനും അപ്പുറമുള്ള ബന്ധമാണ് നിങ്ങളോടുള്ളത്. ഇവിടെ മാത്രമാണ് പെൺകുട്ടികളുടെ ഫാൻസ് അസോസിയേഷനുള്ളത്. പകരം വയ്ക്കാനാവാത്ത നിങ്ങളുടെ സ്നേഹം കണ്ട് എന്റെ ഹൃദയത്തിൽ നിന്നും രക്തംകിനിയുന്നു. " സൂര്യ പറഞ്ഞു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടൻ കമലഹാസന് പിറന്നാളാശംസകളും സൂര്യ നേർന്നു. ഗോകുലം ഗോപാലൻ, ഡിസ്ട്രിബ്യൂഷൻ പാർട്ണർ സുജിത് നായർ തുടങ്ങിയവർ പങ്കെടുത്തു.

ചെങ്കൽചൂളയിലെ പിള്ളേരെ

ചേർത്തുപിടിച്ച് സൂര്യ

സൂര്യ അഭിനയിച്ച അയൻ എന്ന ചിത്രത്തിലെ ഗാനത്തിന് പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നൃത്തം ചെയ്ത് തരംഗമായ ചെങ്കൽചൂളയിലെ പിള്ളേർ

ഇന്നലെ സൂര്യയ്ക്ക് മുന്നിൽ അതേ നൃത്തം അവതരിപ്പിച്ചു. അന്ന് സമൂഹമാദ്ധ്യമങ്ങളിൽ വയറലായ ഇവർ സൂര്യയെ നേരിൽ കാണുന്നതാണ് ഏറ്റവും വലിയ മോഹമെന്ന് അന്ന് പറഞ്ഞിരുന്നു. നൃത്തം അവസാനിച്ചതും സദസിലിരുന്ന സൂര്യ ഓടിച്ചെന്ന് പിള്ളേരെ വാരിപ്പുണർന്നു. അഗസ്ത്യം കളരിയുടെ നേതൃത്വത്തിൽ കളരിയും അവതരിപ്പിച്ചു.