തിരുവനന്തപുരം: വഴുതക്കാട്ടെ പൈപ്പ് പണി മൂലം കുഴപ്പത്തിലായ നഗരത്തിലെ കുടിവെള്ള വിതരണം 5 ദിവസം കഴിഞ്ഞിട്ടും പൂർണതോതിലെത്തിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലുള്ള ട്യൂട്ടേഴ്സ് ലെയിനിൽ ഇന്നലെ പുലർച്ചെ വെള്ളമെത്തിയെങ്കിലും രാവിലെ നിറുത്തി. ഋഷിമംഗലം,ഈഞ്ചയ്ക്കൽ,പൂജപ്പുര എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇതുവരെയും വെള്ളം കിട്ടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

എയർ ബ്ലോക്ക് കാരണമാണ് വെള്ളം കിട്ടാത്തതെന്നും ഈ ഭാഗങ്ങളിലെ ജലവിതരണം ഇന്ന് രാവിലെയോ ഉച്ചയോടെയോ സാധാരണ നിലയിലാകുമെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. പേട്ട,ചാക്ക,വഞ്ചിയൂർ ഭാഗങ്ങളിൽ ചെറിയ തോതിൽ ഇന്നലെ വെള്ളമെത്തിയെങ്കിലും ഫോഴ്സ് കുറഞ്ഞ് നിലച്ചു. ചാക്ക അക്ഷര വീഥിയിൽ കെ.എസ്.ഇ.ബി പോസ്റ്റിടാൻ കുഴിയെടുത്തതിനെ തുടർന്ന് പൈപ്പ് പൊട്ടിയതോടെ ആ ഭാഗത്തെ ജലവിതരണം ചൊവ്വാഴ്ച നിറുത്തിവച്ചു. തുടർന്ന് വാട്ടർ അതോറിട്ടി അധികൃതരുടെ നേതൃത്വത്തിൽ രാത്രി തന്നെ പണി പൂർത്തിയാക്കി. അതേസമയം,വഴുതക്കാട്ടെ പൈപ്പ് പണി മൂലമുണ്ടായ ജലവിതരണ മുടക്കത്തിന് പരിഹാരമുണ്ടാകുന്നതിന് മുമ്പേ കുര്യാത്തി സെക്ഷൻ പരിധിയിൽ ഇന്റർ കണക്ഷൻ ജോലികൾക്ക് വേണ്ടി ജലവിതരണം നിറുത്തിവച്ചത് കുര്യാത്തി,​ ഫോർട്ട്,​ ഈഞ്ചയ്ക്കൽ മേഖലയിൽ പ്രശ്നം രൂക്ഷമാക്കി. ഈ ഭാഗങ്ങളിൽ പലയിടത്തും ഇതുവരെ വെള്ളം കിട്ടിത്തുടങ്ങിയിട്ടില്ല. ചിലഭാഗത്ത് ഇന്നലെ രാവിലെ ചെറിയതോതിൽ വെള്ളമെത്തിയെങ്കിലും ഉടൻതന്നെ നിലച്ചു.