വിതുര: വിതുര - പേപ്പാറ റോഡിൽ കാട്ടാനയും കുട്ടിയാനയും ഇറങ്ങി മണിക്കൂറുകളോളം ഭീതിപരത്തി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയത്താണ് പേപ്പാറ അഞ്ചുമരുതുംമൂട് റോഡിലാണ് സംഭവം. ആനകൾ റോഡിന് സമീപം നിലയുറപ്പിച്ചതോടെ പേപ്പാറ ഭാഗത്തേക്ക് പോകുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ബസും മറ്റ് വാഹനങ്ങളും വഴിയിൽ കുടുങ്ങി. വാഹനങ്ങൾ നിർത്താതെ ഹോൺ മുഴക്കിയതോടെയാണ് ആനകൾ വനത്തിനുള്ളിലേക്ക് മടങ്ങിയത്. പേപ്പാറ, കുട്ടപ്പാറ, അഞ്ചുമരുതുംമൂട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഇവ പകൽസമയത്തും റോഡിലിറങ്ങി ഭീതിപരത്തുക പതിവാണ്. രാത്രിയിൽ റോഡിലാണ് അന്തിയുറക്കം. റോഡിലൂടെ സൂക്ഷിച്ച് യാത്ര ചെയ്തില്ലെങ്കിൽ ആക്രമണമുറപ്പാണ്. മാത്രമല്ല, പേപ്പാറഡാം കാണാനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുമായി ധാരാളം ടൂറിസ്റ്റുകളെത്തുന്ന മേഖല കൂടിയാണിത്. ആന ശല്യം രൂക്ഷമായതായി ചൂണ്ടിക്കാട്ടി അനവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പൊടിയക്കാലയിലും ശല്യം
പേപ്പാറ പൊടിയക്കാലയിലും കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്. പൊടിയക്കാലയിൽ നിന്നും വിതുര, മീനാങ്കൽ സ്കൂളിലെ ആദിവാസി ഊരിലെ കുട്ടികളേയും വഴിമദ്ധ്യേ കാട്ടാനക്കൂട്ടം ആക്രമിച്ച സംഭവമുണ്ടായി. കുട്ടികൾ നിസാര പരിക്കുകളേടെ രക്ഷപ്പെടുകയായിരുന്നു. മാത്രമല്ല ഊരിലെ നിരവധിപേർ കാട്ടാനാക്രമണത്തിൽ മരണപ്പെട്ടിട്ടുണ്ട്.
ഒറ്റയാനെ തുരത്തിവിട്ടു
കഴിഞ്ഞദിവസം രാവിലെ പേപ്പാറ അഞ്ചുമരുതുംമൂട് മേഖലയിലിറങ്ങി ഭീതിപരത്തിയ ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിലേക്ക് തുരത്തിവിട്ടു. അഞ്ചുമരുതുമൂട് മേഖലയിൽ നിലയുറപ്പിച്ച ഒറ്റയാൻ അനവധി പേരെ ആക്രമിക്കുവാൻ ശ്രമിച്ചിരുന്നു.
കൊലകൊല്ലി
പതിനേഴ് വർഷം മുൻപ് പേപ്പാറ പൊടിയക്കാലമേഖലയിൽ ഭീതിപരത്തി വിഹരിക്കുകയും അനവധി പേരെ കൊല്ലുകയും ചെയ്ത കൊലകൊല്ലി എന്ന ഒറ്റയാനെ വനപാലകർ മയക്കുവെടിവച്ച് പിടികൂടി ആനക്കൊട്ടിലിൽ പാർപ്പിച്ച് നാട്ടാനയാക്കുവാൻ ശ്രമിച്ചെങ്കിലും ആന ചരിഞ്ഞിരുന്നു. പിന്നീട് മേഖലയിൽ ആനശല്യം കുറവായിരുന്നെങ്കിലും ഒരിടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം പൊടിയക്കാലയിലിറങ്ങി നാശവും ഭീതിയും പരത്തി വിഹരിക്കുകയാണ്. പേപ്പാറ ഡാമിനായി കുടിയിറക്കപ്പെട്ട കുടുംബങ്ങളാണ് പൊടിയക്കാലയിൽ താമസിക്കുന്നത്. അടുത്തിടെ ആദിവാസി ഊരിലെ ഗൃഹനാഥനെ കരടി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പുറമേ മേഖലയിൽ പുലിയും കാട്ടുപോത്തും ഭീതിപരത്തുന്നുണ്ട്.
ടൂറിസ്റ്റുകൾ ജാഗ്രത
മഴക്കാലമായതോടെ പേപ്പാറ, അഞ്ചുമരുതുംമൂട്, സുന്ദരിമുക്ക്, കുട്ടപ്പാറ മേഖലകളിൽ മിക്ക ദിവസങ്ങളിലും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. പേപ്പാറഡാം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് വനപാലകർ അറിയിച്ചു.
പ്രതികരണം
വിതുര പഞ്ചായത്തിലെ പേപ്പാറ, പൊടിയക്കാല, അഞ്ചുമരുതുംമൂട് മേഖലയിൽ വദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് തടയിടണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇ.എം.നസീർ
കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ്