
തിരുവനന്തപുരം: കേരളത്തിന് പുതിയ രണ്ടു മെഡിക്കൽ കോളേജോ എം.ബി.ബി.എസ് സീറ്റ് വർദ്ധനവോ ലഭിക്കാൻ സാദ്ധ്യത തെളിയുന്നു. ഇതിനായി ജനസംഖ്യ-സീറ്റ് അനുപാത വ്യവസ്ഥ മെഡിക്കൽ കമ്മിഷൻ ഇളവുചെയ്യും. 10 ലക്ഷം ജനങ്ങൾക്ക് 100എം.ബി.ബി.എസ് സീറ്റെന്നതാണ് നിലവിലുള്ള വ്യവസ്ഥ. എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ ഈ വ്യവസ്ഥയിലാണ് ഇളവു അനുവദിക്കുന്നത്. 75,000മെഡിക്കൽ സീറ്റുകൾ അഞ്ചു വർഷത്തിനകം വർദ്ധിപ്പിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനാണ് ഇളവുനൽകുന്നത്.
മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിന് 3500സീറ്റുകൾക്കാണ് അർഹതയുണ്ടായിരുന്നത്. നിലവിൽ 4200സീറ്റുകളുണ്ട്. ഇതിനൊപ്പം പുതിയ സീറ്റുകൾ കൂടി നേടിയെടുക്കാനാണ് ആരോഗ്യ സർവ്വകലാശാല ശ്രമിക്കുന്നത്. കാസർകോട്ടും വയനാടും ഗവൺമെന്റ് മെഡിക്കൽ കോളേജുകൾക്ക് അനുമതികിട്ടുമെന്നാണ് പ്രതീകഷ. രണ്ടു ജില്ലകളിലും നിലവിൽ ഗവ. മെഡിക്കൽ കോളേജുകളില്ല. സ്വാശ്രയമേഖലയിൽ അപേക്ഷകരുമില്ല. ഗവ.മെഡിക്കൽ കോളേജുകളിൽ സൗകര്യങ്ങൾ കൂട്ടിയശേഷം സീറ്റ് വർദ്ധിപ്പിക്കാനുമാവും.
സംസ്ഥാന അടിസ്ഥാനത്തിൽ എന്നതിനു പകരം ജില്ലാടിസ്ഥാനത്തിൽ ജനസംഖ്യ കണക്കാക്കി സീറ്റും കോളേജും അനുവദിക്കാനാണ് കമ്മിഷൻ ഒരുങ്ങുന്നത്. കാസർകോട്ട് 13.07ലക്ഷവും വയനാട്ടിൽ 8.16ലക്ഷവുമാണ് ജനസംഖ്യ. കാസർകോട്ടെ എൻഡോസൾഫാൻ ഇരകളടക്കം കർണാടകത്തിലെ മംഗലാപുരത്താണ് ചികിത്സതേടുന്നത്. വയനാട്ടുകാർക്ക് കോഴിക്കോട് മെഡിക്കൽകോളേജിലെത്തണം. ഈ പോരായ്മകൂടി അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. പുതുതായി പി.ജി കോഴ്സുകൾ തുടങ്ങാൻ ജനസംഖ്യാനുപാതം തടസമല്ല. ജില്ലാ, ജനറൽ ആശുപത്രികളിലും പി.ജികോഴ്സ് അനുവദിക്കുമെന്നാണ് കേന്ദ്രനയം.
100 സീറ്രെങ്കിലും ലഭിക്കും
1.ഗവ.മെഡിക്കൽ കോളേജുകൾ അനുവദിച്ചാൽ 100എം.ബി.ബി.എസ് സീറ്രെങ്കിലും ലഭിക്കും. സമർത്ഥർക്ക് 22,050രൂപ വാർഷികഫീസിൽ പഠിക്കാം. നഴ്സിംഗ്, ഡെന്റൽ പഠനസൗകര്യങ്ങളും അനുബന്ധമായി വരും.
2. സ്പെഷ്യാലിറ്റി വിഭാഗങ്ങളും അത്യാധുനിക ചികിത്സയും ലഭ്യമാവും. അനുബന്ധമായി മാതൃ-ശിശു ആശുപത്രിയും തുടങ്ങാനാവും.
കേരളത്തിൽ നിലവിലുള്ളത്
4200
ആകെ എം.ബി.ബി.എസ് സീറ്റുകൾ
1455
ഗവ.മെഡിക്കൽ കോളേജിൽ (ഫീസ്-22,050)
2745
19സ്വാശ്രയ കോളേജിൽ (ഫീസ്-6.61-7.65ലക്ഷം)
''ജില്ലാടിസ്ഥാനത്തിലുള്ള ജനസംഖ്യ പരിഗണിച്ച്, സർക്കാർ മേഖലയിൽ മാത്രം ഇളവുനൽകുന്ന നയമാണ് പരിഗണനയിലുള്ളത്""
-ഡോ.മോഹനൻ കുന്നുമ്മേൽ
മെഡിക്കൽ കമ്മിഷനംഗം,
ആരോഗ്യ വാഴ്സിറ്റി വി.സി