പാലോട്: നന്ദിയോട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മാലിന്യം നിക്ഷേപിക്കുന്ന പ്രദേശങ്ങളിൽ അത്യന്താധുനിക ക്യാമറകൾ സ്ഥാപിക്കുന്നു. വാർഡുകൾ കൂടാതെ നന്ദിയോട് മാർക്കറ്റ്, സ്റ്റേഡിയം എന്നിവിടങ്ങളിലും ക്യാമറ സ്ഥാപിക്കും. മുപ്പത് ലക്ഷം രൂപ ചെലവഴിച്ച് അറുപത്തിയഞ്ചോളം ക്യാമറകളാണ് സ്ഥാപിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ പറഞ്ഞു. 2 മാസത്തിനുള്ളിൽ പദ്ധതി പൂർണമായും നടപ്പിലാകുമെന്നും അദ്ദേഹം പറഞ്ഞു. കെൽട്രോണിനാണ് കരാർ നൽകിയിട്ടുള്ളത്. ഓരോ വാർഡിലും സ്ഥാപിക്കുന്ന ക്യാമറകളുടെ മോണിറ്ററിംഗ് സംവിധാനം ഒരുക്കുന്നത് നന്ദിയോട് പഞ്ചായത്ത് ഓഫീസിലാണ്. ഒഫിഷ്യൽ ഫോണുകളിലും തത്സമയ ദൃശ്യങ്ങൾ ലഭിക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന കെൽട്രോൺ പ്രതിനിധി സുധീർ അറിയിച്ചു.ജനവാസ മേഖലകളിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിനും ഇതിലൂടെ ഈ പ്രദേശങ്ങളെ മാലിന്യമുക്തമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലുമാണ് പഞ്ചായത്ത് അധികൃതർ.