വർക്കല: സി.പി.എം വർക്കല ഏരിയ സമ്മേളനം 8,9,10, 20 തീയതികളിൽ മൈതാനം എച്ച്. ഹാരിസ് നഗറിൽ (വർഷമേഘ ഓഡിറ്റോറിയം) നടക്കും. 143 ബ്രാഞ്ച് സമ്മേളനങ്ങളും 10 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് വർക്കല ഏരിയ സമ്മേളനത്തിന് തുടക്കമാകുന്നത്. പാർട്ടിയുടെ പ്രയാണത്തിൽ ശരിയായ വിലയിരുത്തലുകളിലൂടെ ഭാവിയിലേക്കുള്ള തീരുമാനങ്ങൾ ഏറ്റെടുക്കുമെന്ന ഉറപ്പാണ് പാർട്ടിയെ സ്നേഹിക്കുന്നവർക്ക് നല്കാനുള്ളതെന്ന് നേതാക്കൾ വർക്കലയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സമഗ്രവും സമാനതകൾ ഇല്ലാത്ത മാറ്റങ്ങളുമാണ് ജോയി.എം.എൽ.എയുടെ വികസന പ്രവർത്തനങ്ങളുടെ ഫലമായി വർക്കല നിയോജക മണ്ഡലത്തിൽ ഉണ്ടായിട്ടുള്ളതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ കടന്നുവരവും പങ്കാളിത്തവും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് സഹായകമായെന്നും ജില്ലയിൽ 20 ബ്രാഞ്ച് സെക്രട്ടറിമാർ വനിതകളാണെന്നത് അഭിമാനകരമാണെന്നും ജില്ലാ കമ്മിറ്റി അംഗം എസ്. ഷാജഹാൻ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കെ.എം.ലാജി, ബി.എസ്.ജോസ് , സത്യദേവൻ, എ.നഹാസ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 8ന് മണമ്പൂർ എൻ. രമേശൻ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പതാകജാഥ ബി.പി. മുരളിയും ഇലകമൺ എം. കാമിലിന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന കൊടിമരജാഥ എസ്. ഷാജഹാനും വെട്ടൂർ ടി.ജി. കൊച്ചുനാരായണന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ റാലി വർക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫും ഉദ്ഘാടനം ചെയ്യും. ജാഥകളും റാലിയും വൈകിട്ടോടെ സമ്മേളന നഗറിൽ സംഗമിക്കും. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, കവി സമ്മേളനം, കലാപരിപാടികൾ, വിളംബരജാഥ, റെഡ് വോളന്റിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. 20ന് വൈകിട്ട് 4ന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (വർക്കല മൈതാനം) പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.