ശംഖുംമുഖത്ത് നാളെ ആറാട്ട്
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഇന്ന്.
രാത്രി ഉത്സവശ്രീബലിക്കു ശേഷം വേട്ടയ്ക്ക് എഴുന്നള്ളിക്കും. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും പടിഞ്ഞാറെനടയിലൂടെ പുറത്തെഴുന്നള്ളിക്കും. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലേക്ക് എത്തുന്നത്. വേട്ടക്കളം ഒരുക്കുന്നതിന് റവന്യൂവകുപ്പ് നേതൃത്വം നൽകും. ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ ഉടവാളേന്തി വേട്ടയ്ക്ക് അകമ്പടി സേവിക്കും. വേട്ടയ്ക്കുശേഷം വടക്കേ നടവഴിയാണ് ദേവവിഗ്രഹങ്ങൾ ക്ഷേത്രത്തിലെത്തിക്കുന്നത്.
ആറാട്ട് നാളെ
നാളെ വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. തിരുവല്ലം പരശുരാമക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറെനടയിലേക്ക് എഴുന്നള്ളിച്ച് നിറുത്തും. ശ്രീപദ്മനാഭസ്വാമി, തെക്കേടം നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടവഴിയാണ് എഴുന്നള്ളിക്കുന്നത്. മറ്റ് നാലുക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും സംഗമിച്ചശേഷം ആറാട്ട് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും. കൂടിയാറാട്ടിനു ശേഷം എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. ഞായറാഴ്ച ആറാട്ട് കലശത്തോടെ ഉത്സവത്തിന്റെ ചടങ്ങുകൾ സമാപിക്കും.
വലിയകാണിക്ക അർപ്പിച്ചു
എട്ടാം ഉത്സവ ദിവസമായ ഇന്നലെ ഉത്സവശീവേലിയിൽ വലിയകാണിക്ക അർപ്പണം നടന്നു. ഉത്സവശീവേലി കിഴക്കേനടയിൽ എഴുന്നള്ളിച്ച് നിറുത്തിയതിനു പിന്നാലെ ശ്രീഭണ്ഡാരക്കുടത്തിൽ പുഷ്പാഞ്ജലി സ്വാമിയാരും രാജകുടുംബം സ്ഥാനിയും കാണിക്ക സമർപ്പിച്ചു. തുടർന്ന് യോഗക്കാരും ഉദ്യോഗസ്ഥരും ഭക്തരും കാണിക്കയർപ്പിച്ചു.