r-shankar

തിരുവനന്തപുരം: ആർ.ശങ്കർ അതുല്യപ്രതിഭയായ മുഖ്യമന്ത്രിയാണെന്നും ഭരണകർത്താക്കൾക്ക് എന്നും മാതൃകയാണെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. ആർ.ശങ്കറിന്റെ 52-ാം ചരമവാർഷികത്തോടനുബന്ധിച്ച് ആർ.ശങ്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാളയത്തെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ബഡ്ജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച ആർ.ശങ്കർ, ക്ഷേമ പെൻഷനുകളും വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക ഊന്നലുകളും നൽകി. വിദ്യാഭ്യാസ മേഖലയെ സാർവത്രികമാക്കാൻ അദ്ദേഹം എടുത്ത ധീരമായ നടപടികളാണ് ഇന്നും കേരളത്തെ ഒന്നാം സ്ഥാനത്ത് നിലനിറുത്തിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായും കേരളപ്പിറവിക്കു ശേഷമുള്ള ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായും എസ്.എൻ ട്രസ്റ്റിന്റെ സ്ഥാപകനായും ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിച്ച മഹത് വ്യക്തിയുമായിരുന്നു അദ്ദേഹമെന്ന് സുധീരൻ പറഞ്ഞു.

കവി സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ ആശാൻ കവിതകളുടെ ആലാപനത്തോടെയാണ് അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടി.ശരത് ചന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് എൻ. പീതാംബരക്കുറുപ്പ്, ജനറൽ സെക്രട്ടറിമാരായ അഡ്വ.ജി.സുബോധൻ, മര്യാപുരം ശ്രീകുമാർ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മണക്കാട് സുരേഷ്, വിതുര ശശി, ഡോ.എം.ആർ.തമ്പാൻ, ശാസ്തമംഗലം മോഹനൻ, കമ്പറ നാരായണൻ,കൗൺസിലർ മേരി പുഷ്പം, ആർ.ഹരികുമാർ, വഞ്ചിയൂർ രാധാകൃഷ്ണൻ, മിനിലാൽ, ഫൗണ്ടേഷൻ ഭാരവാഹികളായ കുന്നുകുഴി സുരേഷ്, ടി.പി.പ്രസാദ്, ഡി.അനിൽകുമാർ,പുരുഷോത്തമൻ നായർ, ഭുവനേന്ദ്രൻ നായർ, നിഹാസ് പള്ളിക്കൽ, ഋഷികേശ്, ആറ്റുകാൽ ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.