കിളിമാനൂർ: അടയ്‌ക്കക്കിപ്പോൾ പൊന്നിൻ വില. എന്നാൽ അടയ്ക്ക കിട്ടാനുമില്ല. നാട്ടിൻപുറങ്ങളിൽ നിന്ന് കമുകും അടയ്ക്കയും അപ്രത്യക്ഷമായിത്തുടങ്ങി.അടിക്കടി രോഗം ബാധിക്കുന്നതിനാൽ അടയ്ക്കാ കൃഷി പൂർണമായും മതിയാക്കിയിരിക്കുകയാണ് ഭൂരിഭാഗം കർഷകരും. അടയ്ക്കാ കിട്ടാനില്ലാതെയായതോടെ വിലയും കൂടുകയായിരുന്നു.
വെറ്റില മുറുക്കുന്നവർ കുറഞ്ഞതോടെയും, ദക്ഷിണ കൊടുക്കാൻ മാത്രമായി അടയ്ക്കായുടെ ആവശ്യം ഒതുങ്ങിയതോടെയും കേരളത്തിൽ അടയ്ക്കാ ഉത്പാദനം കുറയുകയായിരുന്നു.
നിലവിൽ നിജം പാക്കുപോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ് കേരളത്തിൽ നിന്ന് അടയ്ക്ക കയറ്റി അയക്കുന്നത്. തമിഴ്നാട് കർണാടക എന്നിവിടങ്ങളിലെ ലൈസൻസികൾ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്കയാണ് കയറ്റിയയ്ക്കുന്നത്.മസാലയ്ക്ക് നിരോധനം ഉണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റിലമുറക്ക് ഉത്തരേന്ത്യക്കാർക്ക് ശീലമാണ്.
സീസണായിട്ടും
കേരളത്തിൽ ഇപ്പോൾ അടക്കയുടെ സീസണാണ്. എന്നാൽ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.
പാക്കിന് വിപണി വില
ഒരെണ്ണം - 3 രൂപ
കൊട്ടടയ്ക്ക; കിലോഗ്രാമിന് 300 - 350 രൂപ
കമുക് ഒരു വരം
ഒരുകാലത്ത് ഗ്രാമീണ ജനതയുടെ വരുമാന മാർഗമായിരുന്നു അടയ്ക്കാ കൃഷി.കമുകിന്റെ ഉപ ഉത്പന്നങ്ങൾക്കും ആവശ്യക്കാരെറെയായിരുന്നു.നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാള മുതൽ അടുക്കള ആവശ്യത്തിനുള്ള മുറം നിർമ്മിക്കുന്നതിനുവരെ കമുക് ആവശ്യമായിരുന്നു.
കൃഷി അന്യം
വടക്കൻ കേരളത്തിൽ കമുക് മാത്രം കൃഷി ചെയ്യുന്ന കർഷകരുണ്ട്. അവിടെ വൃക്ഷത്തിന് ആവശ്യത്തിന് പരിചരണം ലഭിക്കുന്നതിനാൽ രോഗബാധ കുറവാണ്. തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നാട്ടിൽ വെറ്റില മുറുക്കുന്നതിന് പ്രായമായവർ മാത്രമാണ് അടയ്ക്ക വാങ്ങുന്നത്. ബാക്കി മുഴുവൻ ഉത്തരേന്ത്യൻ പാക്ക് ഉത്പന്ന നിർമ്മാണത്തിനായി കൊണ്ടുപോകുകയാണ്.