തിരുവനന്തപുരം: തലസ്ഥാനത്ത് കാറിൽ പിന്തുടർന്നെത്തിയ സംഘം വീട്ടിലേക്ക് നടന്നുപോയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5ഓടെ കരമന കാലടിയിലുള്ള സഹകരണ ബാങ്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 25കാരിയെയാണ് വെള്ള മാരുതി വാനിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. മുൻ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അഡീഷണൽ പി.എയും സി.പി.ഐ നേമം മണ്ഡലം സെക്രട്ടറിയുമായ കാലടി ജയചന്ദ്രന്റെ മകളെയാണ് സംഘം പിന്തുർന്നത്.
ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്കുള്ള ഇരുന്നൂറ് മീറ്റർ ദൂരത്തിനിടയ്ക്കായിരുന്നു സംഭവം.നല്ല മഴയായിരുന്നതിനാൽ റോഡിൽ തിരക്കില്ലായിരുന്നു. കാറിൽ പിന്നാലെയെത്തിയ സംഘം തന്നെ പിന്തുടരുന്നതായി തിരിച്ചറിഞ്ഞതോടെ ഭയന്ന് തൊട്ടടുത്തെ വീട്ടിലേക്കുള്ള ഇടറോഡിലേക്ക് ഓടിക്കയറുകയായിരുന്നു.അതോടെ കാർ വന്ന ദിശയിലേക്ക് തന്നെ തിരിച്ചുപോയെന്ന് യുവതി പറയുന്നു.
ഇതുസംബന്ധിച്ച പരാതി കാലടി ജയചന്ദ്രൻ കരമന പൊലീസിന് നൽകി.സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. കരമന എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഒരുമാസം മുൻപ് കാലടിയിൽ ഇളംതെങ്ങിൽ നടന്നുപോയ പെൺകുട്ടിയെയും സമാനരീതിയിൽ കാർ നിറുത്തി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പെൺകുട്ടി ഭയന്ന് നിലവിളിച്ചതോടെ കാർ നിറുത്താതെ പോവുകയായിരുന്നു.പ്രദേശത്ത് ലഹരി സംഘങ്ങളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.