sat

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി വിതരണത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പുതിയ വി.സി.ബി (വാക്വം സർക്യൂട്ട് ബ്രേക്കർ) സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. പാനൽ മാറ്റിവയ്ക്കുന്നതിനായി 5 ദിവസം കെ.എസ്.ഇ.ബി വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ചിരുന്നു. പകരം സംവിധാനമായി ഒരുക്കിയ 10 ജനറേറ്ററുകളിലായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. ജോലികൾ പൂർത്തിയായതോടെ ഇന്നലെ കെ.എസ്.ഇ.ബി ലൈൻ ചാർജ് ചെയ്തു. തുടർന്ന് ഘട്ടംഘട്ടമായി ഓരോ ബ്ലോക്കുകളെ കെ.എസ്.ഇ.ബി ലൈനുകളുമായി ബന്ധിപ്പിച്ച് സാധാരണ നിലയിലാക്കിയതിനെത്തുടർന്ന് രാത്രിയോടെ ജനറേറ്ററുകൾ എസ്.എ.ടിയിൽ നിന്ന് മാറ്റി. അതേസമയം മഴക്കാലത്ത് ചോർച്ചയുൾപ്പെടെയുള്ള കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് വി.സി.ബി പാനൽ സ്ഥാപിച്ചിരിക്കുന്നത്. പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലേത് പൊളിക്കുകയാണ് വഴി. അതുവരെ വി.സി.ബി പാനൽ മാറ്റിവയ്ക്കൽ നീട്ടിക്കൊണ്ടു പോവുന്നത് പ്രതിസന്ധിയാണെന്ന് മനസിലായതോടെയാണ് അധികൃതർ വേഗത്തിൽ പാനൽ മാറ്റിവയ്ക്കലിലേക്ക് കടന്നത്. വി.സി.ബി പാനലിന് ഉടൻ സുരക്ഷിതമായ കെട്ടിടം ഒരുക്കിയില്ലെങ്കിൽ ജലാംശം പാനലിലേക്ക് ഇറങ്ങി, വീണ്ടും തകരാറ് സംഭവിക്കും. 30ലക്ഷം വിലയുള്ള സ്നൈഡർ കമ്പനിയുടെ വി.സി.ബി പാനൽ ഗുജറാത്തിൽ നിന്ന് രണ്ടാഴ്ച മുൻപാണ് എസ്.എ.ടിയിലെത്തിയത്. സെപ്തംബർ 29ന് എസ്.എ.ടി മൂന്ന് മണിക്കൂറോളം ഇരുട്ടിലാകാൻ കാരണം വി.സി.ബിയിലെ തകരാറായിരുന്നു. പുതിയ വി.സി.ബിക്ക് ഓർഡർ നൽകി കാത്തിരിക്കുന്നതിനിടെ മുന്നൊരുക്കമില്ലാതെ അറ്റകുറ്റപ്പണി നടത്തിയ ശേഷം ലൈൻ ചാർജ് ചെയ്തപ്പോഴാണ് വി.സി.ബി പ്രവർത്തനരഹിതമായത്.