
ആറ്റിങ്ങൽ: ഒരുകാലത്ത് ആലംകോടിന്റെ ഊടും പാവും നെയ്ത വീക്ഷണം നെയ്ത്ത് സംഘത്തെ കൈയൊഴിഞ്ഞ് അധികൃതർ. വിശാലമായ കെട്ടിടങ്ങൾ കാടുകയറി. വ്യവസായവകുപ്പിന് കീഴിൽ പ്രവർത്തിച്ച നെയ്ത്തുസംഘം പ്രവർത്തനം നിലച്ചിട്ട് 21 വർഷമായി. 70 സെന്റ് ഭൂമിയും ഇതിലെ കെട്ടിടങ്ങളും ആർക്കുംവേണ്ടാതെ നശിക്കുകയാണ്. സംഘത്തിന്റെ ഓഫീസ് കെട്ടിടത്തിനു മുകളിലും കാടും മരങ്ങളും വളർന്നു. നെയ്ത്തുശാലയുടെ മുകൾവശം ആൽമരം വേരോടിച്ചുകഴിഞ്ഞു. പാഴ്ച്ചെടികളും മരങ്ങളും കെട്ടിടത്തെ ഒന്നാകെ വിഴുങ്ങുമ്പോൾ നെയ്ത്ത് സംഘത്തിന്റെ പുനരുജ്ജീവനം ഇനിയും നടപ്പായിട്ടില്ല. സംഘത്തിന്റെ ബാദ്ധ്യതകളും തൊഴിലാളികളുടെ ലഭ്യതക്കുറവും പ്രതിസന്ധിയായി മുന്നിൽത്തന്നെയുണ്ട്. ഒരുകാലത്ത് ആറ്റിങ്ങലിന്റെ കൈത്തറി മഹിമ നാടിനെ അറിയിച്ചിരുന്ന സംഘമാണ് വീക്ഷണം.
ബാദ്ധ്യതകൾ ഏറെ
ആലംകോടിനു സമീപം പുളിമൂട് ജംഗ്ഷനിൽനിന്ന് കഷ്ടിച്ച് അരകിലോമീറ്റർ ഉള്ളിലായാണ് നെയ്ത്ത് സംഘം. 110 തറികളും നൂറിലധികം സ്ത്രീത്തൊഴിലാളികളും സംഘത്തിലുണ്ടായിരുന്നു. ഇവിടെനിന്ന് തുണികൾ വാങ്ങിയ സർക്കാർ സ്ഥാപനമായ ഹാൻവീവ് യഥാസമയം പണം നല്കാതിരുന്നതാണ് സംഘത്തെ നഷ്ടത്തിലേക്കും അടച്ചുപൂട്ടലിലേക്കും നയിച്ചതെന്നാണ് ആക്ഷേപം. സംഘം പുനരുജ്ജീവിപ്പിക്കാൻ 2017ൽ ശ്രമം നടന്നിരുന്നു. 2017 സെപ്തംബർ 25 ന് സംഘത്തിൽ പ്രത്യേകയോഗവും ചേർന്നു. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 22 വർഷം മുമ്പെടുത്ത ആറ് ലക്ഷം രൂപയുടെ വായ്പ പലിശയുൾപ്പെടെ 36 ലക്ഷം രൂപയായി മാറിയതായി ബാങ്കധികൃതർ അറിയിച്ചു. കൂടാതെ ഓഡിറ്റ് ഫീസ്, ക്ഷേമനിധി, തൊഴിൽ നികുതി, വൈദ്യുതിചാർജ്ജ്, വെള്ളക്കരം, ഇ.പി.എഫ്, നഗരസഭയുടെ നികുതി എന്നിവയുടെ കുടിശ്ശികകളിന്മേലുള്ള ജപ്തിനടപടികളായിരുന്നു അന്ന് കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ. ഇവ പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
പദ്ധതികൾ ഏറെ, എന്നിട്ടും...
2020ൽ ലേല നടപടികളുണ്ടായപ്പോൾ അധികൃതർ ഇടപെട്ട് അത് താത്കാലികമായി നിറുത്തിവച്ചു. സംഘം പുനരുജ്ജീവിപ്പിക്കുന്നതിലെ പ്രധാന തടസ്സം ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതാണ്. പഴയ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും സംഘത്തിൽ വന്ന് ജോലിചെയ്യാൻ വിമുഖത അറിയിച്ചു. ഇതോടെ പഴയരീതിയിൽ സംഘം പ്രവർത്തിപ്പിക്കാനുള്ള നീക്കം നടക്കില്ലെന്നുറപ്പായി. നെയ്ത്ത് പരിശീലനകേന്ദ്രമെന്ന ആശയം മുന്നോട്ടുവച്ചെങ്കിലും അതും നടപ്പായില്ല. സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്ത് പുതുതലമുറയുടെ അഭിരുചികൾക്കിണങ്ങുന്ന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യവും ആരും ചെവിക്കൊണ്ടില്ല.
നടപടി വേണം
ഈ സർക്കാർ നിലവിൽ വന്ന ശേഷം വ്യവസായവകുപ്പ് ആദ്യം വിളിച്ച യോഗത്തിൽ സംഘം പുനരുജ്ജീവിപ്പിക്കണമെന്ന് ഒ.എസ്.അംബിക എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല. സർക്കാർ തലത്തിൽ നടപടികളുണ്ടാവുകയും സംഘാംഗങ്ങൾ പ്രവർത്തന സന്നദ്ധരാവുകയും ചെയ്താൽ മാത്രമേ ഈ സംഘത്തെ വീണ്ടെടുക്കാനാകൂ. ഇല്ലെങ്കിൽ ഈ കെട്ടിടങ്ങളും ഭൂമിയും മണ്ണോടുചേരും.