
ബാലരാമപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ പള്ളിച്ചൽ പഞ്ചായത്തിലുൾപ്പെട്ട മുടവൂർപ്പാറ- താന്നിമൂട് മുക്കമ്പാലമൂട്-നരുവാമൂട് റോഡ് നവീകരണത്തിന്റെ ഭാഗമായി മുടവൂർപ്പാറ മുതൽ മുക്കമ്പാലമൂട് വരെ റോഡ് വീതി കൂട്ടി ഓടയും ഫുട്ട് പാത്തും നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ഇതു സംബന്ധിച്ച നിവേദനം മാസങ്ങൾക്കു മുമ്പ് എം.എ.ൽ.എയ്ക്കും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കൈമാറിയെങ്കിലും നടപടി വൈകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാക്കട നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് വഴി നടപ്പാക്കുന്ന 117.34 കോടി രൂപയുടെ റോഡ് നവീകരണ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുടവൂർപ്പാറ മുതൽ നരുവാമൂട് വരെ 8.67കോടി രൂപയുടെ നിർമ്മാണജോലികളാണ് നിലവിൽ നടന്നുവരുന്നത്.
പൊട്ടിപ്പൊളിഞ്ഞ് റോഡ്
റോഡിനിരുവശവും ഓടയില്ലാത്തതിനാൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് തകരുന്ന സ്ഥിതിയാണ്. മുടവൂർപ്പാറ ജംഗ്ഷനിൽ സിഗ്നൽ പോയിന്റിനു സമീപം വാഹനങ്ങൾ കടന്നുപോകാൻ മിനിട്ടുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്. റോഡിന്റെ വീതിക്കുറവ് കാരണം എതിർദിശയിൽ നിന്നും മുക്കമ്പാലമൂട് ഭാഗത്തേക്ക് വാഹനങ്ങൾക്ക് കടന്നുവരാൻ കഴിയാത്തവിധം ഗതാഗതക്കുരുക്ക് രൂപപ്പെടുകയാണ്. താന്നിവിള-മുടവൂർപ്പാറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് നെയ്യാറ്റിൻകര-തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ മുപ്പത് സെക്കൻഡ് മാത്രമാണുള്ളത്. സിഗ്നൽ സമയം കഴിഞ്ഞാലും പകുതിയോളം വാഹനങ്ങൾ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ്. ഈ ഭാഗത്ത് റോഡിന്റെ വീതി വർദ്ധിപ്പിച്ച് കൂടുതൽ ഗതാഗതസൗകര്യമൊരുക്കി ഓടനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് വകുപ്പ് മന്ത്രിക്ക് നിവേദനം കൈമാറിയിരിക്കുന്നത്. ഇരുവശത്ത് നിന്നും മൂന്ന് മീറ്റർ വീതി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
റോഡിനോടു ചേർന്നാണ് ഭൂരിഭാഗം വീടുകളും പണിതിരിക്കുന്നത്. സ്ഥലം വിട്ടുനൽകി ശാസ്ത്രീയമായ സർവേ നടത്തിയാലേ കൂടുതൽ വീതിയിൽ റോഡിന്റെയും ഓടയുടേയും നിർമ്മാണപ്രവർത്തനങ്ങൾ സാദ്ധ്യമാകൂവെന്നാണ് മരാമത്ത് അധികൃതർ പറയുന്നത്. റോഡിന്റെ വീതി വർദ്ധിപ്പിക്കാൻ സ്ഥലം വിട്ടുനൽകാനും പരിസരവാസികളിൽ ചിലർ സന്നദ്ധരായിട്ടുണ്ട്. അനുവദിച്ച ഫണ്ടിന്റെ നിർമ്മാണപ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്.
ടാറിംഗ് വേഗത്തിലാക്കണം
മുടവൂർപ്പാറ-മുക്കമ്പാലമൂട്-നരുവാമൂട് റോഡ് നവീകരണം പാതിവഴിയിൽ നിറുത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. മെറ്റൽ പാകിയതിനു പിന്നാലെ രണ്ടാഴ്ചയായി ടാറിംഗ് നിറുത്തി വച്ചിരിക്കുകയാണ്. താന്നിവിളയിൽ റെയിൽവേ തുരങ്കത്തിനു സമീപത്തെ റോഡാണ് ടാറിംഗ് തടസപ്പെട്ടിരിക്കുന്നത്. മുടവൂർപ്പാറ മുതൽ കുഴിവിള എൽ.പി സ്കൂളിന് മുൻവശം വരെ ടാറിംഗ് പൂർത്തീകരിച്ചെങ്കിലും തുടർന്ന് സ്കൂളിന് മുൻവശം മുതൽ മുപ്പത് മീറ്ററോളം ഭാഗം മെറ്റൽ നിരത്തിയിരിക്കുകയാണ്.
ബുദ്ധിമുട്ടേറുന്നു
കരിങ്കൽ കഷണം വഴിയാത്രക്കാർക്കും മറ്റ് വാഹനങ്ങളിൽ പോകുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ടാറിംഗ് ജോലികൾ വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെ വീതി വർദ്ധിപ്പിച്ച് ഫുട്ട് പാത്തും ഓടയും നിർമ്മിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ച് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സർവ്വകക്ഷിയോഗം ചേരാനും നാട്ടുകാർ ആലോചിക്കുന്നുണ്ട്.