
നെടുമങ്ങാട്: നഗരഹൃദയത്തിൽ അന്താരാഷ്ട്ര മാർക്കറ്റ് റോഡിൽ ഗട്ടറുകളുടെ ഘോഷയാത്ര! കാർഷികോത്പന്നങ്ങളുമായി എത്തുന്ന വാഹനങ്ങൾ ഗട്ടറുകളിൽ വീണ് കേടാവുന്നത് പതിവാകുന്നു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്. തകർന്നടിഞ്ഞ റോഡിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്രയും ദുരിതപൂർണമാണ്. അന്താരാഷ്ട്ര മാർക്കറ്റിന്റെ നടത്തിപ്പുകാരായ കൃഷി വകുപ്പിന്റെയും നഗരസഭയുടെയും ഔദ്യോഗിക വാഹനങ്ങൾ കുഴികളിൽ കുടുങ്ങുന്നതും സ്ഥിരം കാഴ്ച. സ്ഥലവാസികളായ 200ലേറെ കുടുംബങ്ങളുടെ ആശ്രയമാണ് ഈ റോഡ്. സ്കൂൾ -കോളേജ് വിദ്യാർത്ഥികൾ അടക്കം ചെളിയിൽ പുതഞ്ഞ് സഞ്ചരിക്കണം. റോഡ് ശോച്യാവസ്ഥയിലായിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറയുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൃഷിക്കാർ കാർഷിക വിഭവങ്ങളുമായി എത്തുന്ന പ്രധാന കമ്പോളമാണ് അന്താരാഷ്ട്ര മാർക്കറ്റ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കും സൗന്ദര്യവത്കരണത്തിനും സർക്കാർ നേരത്തെ ഫണ്ട് ചെലവഴിച്ചിരുന്നു. വാളിക്കോട് ജംഗ്‌ഷനിൽ നിന്നും 300 മീറ്റർ മാത്രം ദൂരമുള്ള റോഡിന്റെ മെയിന്റനൻസ് പരിഗണിക്കാത്തത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപമുണ്ട്.
ഭീഷണിയായി തെരുവുനായ്ക്കളും
പൊതു മാർക്കറ്റിൽ നിന്ന് ഇറച്ചി അവശിഷ്ടങ്ങളും മറ്റും കടിച്ചെടുത്ത് കൂട്ടമായി പരക്കം പായുന്ന തെരുവുനായ്ക്കളുടെ താവളമാണ് വേൾഡ് മാർക്കറ്റ് കോമ്പൗണ്ട്. കാൽനടക്കാരെയും ടൂവീലർ യാത്രികരെയും തെരുവുനായ്ക്കൾ കടിച്ചു പരിക്കേല്പിച്ച സംഭവങ്ങളും പെരുകുകയാണ്. തെരുവുനായ്ക്കളെ പിടികൂടാൻ നഗരസഭ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര മാർക്കറ്റും പരിസരവും കൈയൊഴിഞ്ഞ നിലയിലാണ്. രാത്രികാലങ്ങളിൽ സിറ്റിയിൽ നിന്ന് വാഹനങ്ങളിലെത്തിക്കുന്ന തെരുവുനായ്ക്കളാണ് വേൾഡ് മാർക്കറ്റ് വളപ്പിലേറെയും.