hi

കിളിമാനൂർ: പഴയ കുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്ക് ഇഴജന്തുക്കളുടെ താവളമാകുന്നു. പത്ത് വർഷം മുമ്പ് ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച ചിൽഡ്രസ് പാർക്കാണ് ഇപ്പോൾ കാടു കയറി ഇഴജന്തുക്കളുടെയും സമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുന്നത്.

പാർക്കിൽ ഉണ്ടായിരുന്ന കളിക്കോപ്പുകൾ എല്ലാം നശിച്ചു. വേനൽ അവധിക്കാലത്തും ഞായറാഴ്ച കളിലുമൊക്കെ കുട്ടികളുമായി കിളിമാനൂർ എത്തുന്നവർക്ക് ഒരു വിനോദമായിരുന്നു ഈ പാർക്ക്. ശരിയായ സംരക്ഷണമില്ലാത്തതിനാൽ ഇത് നശിക്കുകയായിരുന്നു. നിലവിൽ പഞ്ചായത്തിൽ കുട്ടികളുടെ പാർക്കോ, മൈതാനമോ ഒന്നും ഇല്ല. പ്രദേശത്തെ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, സമീപത്തെ സ്വകാര്യ സ്കൂൾ ഗ്രൗണ്ട് എന്നിവയെ ആശ്രയിക്കണം.

 ആവശ്യം ഏറുന്നു

പഞ്ചായത്തിന് ഒരു കളിസ്ഥലം പദ്ധതി പ്രകാരമുള്ള പ്രവർത്തനവും ഇതു വരെയും ആരംഭിച്ചിട്ടില്ല. നിലവിലെ പാർക്ക് നവീകരിക്കുകയോ, പുതിയത് പണി കഴിപ്പിപ്പിക്കുകയോ ചെയ്തങ്കിൽ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമൊക്കെ കുടുംബവുമായി ഉല്ലാസത്തിന് വിദൂര സ്ഥലങ്ങളിൽ പോകുന്നവർക്ക് ഇത് ഒരു ആശ്വാസമായേനെ.