1

നാഗർകോവിൽ: കേസിന്റെ ഭാഗമായി വസ്തുവിന്റെ രേഖകൾ കൈവശപ്പെടുത്തിയ അഭിഭാഷകനെ വസ്തുവിന്റെ ഉടമ കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതി ആരൽവായ്മൊഴി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തക്കല,കുമാരപുരം,സാരൽവിള സ്വദേശി ക്രിസ്റ്റോഫർ സോബിനെ (55)കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതി തിരുപതിസാരം സ്വദേശി ഇസക്കിമുത്തു (21) കീഴടങ്ങിയത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

പ്രതിയായ ഇസക്കിമുത്തുവിന്റെ വസ്തുവുമായി ബന്ധപ്പെട്ട് ഭൂതപ്പാണ്ടി കോടതിയിൽ കേസ് നടക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ അഭിഭാഷകനായ ക്രിസ്റ്റോഫർ സോബിക്ക് വർഷങ്ങൾക്കു മുമ്പേ കൈമാറിയിരുന്നു.എന്നാൽ ഇസക്കിമുത്തു വസ്തുവിന്റെ രേഖകൾ മറ്റാവശ്യങ്ങൾക്കായി അഭിഭാഷകനോട് ചോദിച്ചപ്പോൾ തിരികെ നൽകാൻ തയ്യാറായില്ല. താൻ അഭിഭാഷകനാണെന്നും തന്നെ തൊട്ടാൽ വിവരമറിയുമെന്നും പറഞ്ഞ് ക്രിസ്റ്റോഫർ ഇസക്കിമുത്തുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ഇസക്കിമുത്തു അഭിഭാഷകനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഭിഭാഷകനുമായി മദ്യപിക്കാൻ തയ്യാറാവുകയും ഇരുവരും കഴിഞ്ഞ ദിവസം രാത്രി ആളൊഴിഞ്ഞ ബീമാനഗരി കുളത്തിനു സമീപമിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യലഹരിയിൽ ഇരുവരും വക്കേറ്റമുണ്ടായി. തുടർന്ന് ക്ഷുഭിതനായ ഇസക്കിമുത്തു കൈയിൽ കരുതിയിരുന്ന അരിവാൾ കൊണ്ട് അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തുകയും പിന്നീട് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയുമായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയ്ക്കൊപ്പം കൂട്ടാളികളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.