
തിരുവനന്തപുരം : കാൻസർ നിയന്ത്രണത്തിന് മൂന്നു വർഷം തുടർച്ചയായി 13ലക്ഷം രൂപ ബഡ്ജറ്റിൽ മാറ്റിവച്ച് മാതൃകാപരമായി ജനകീയ ഇടപെടൽ നടത്തുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ആർ.സി.സിയുടെ ആദരം. കാൻസർ അവബോധ ദിനാചരണത്തിന്റെ ഭാഗമായാണ് ആർ.സി.സിയിൽ പരിപാടി സംഘടിപ്പിച്ചത്. അഡീഷണൽ ഡയറക്ടർ ഡോ.എ.സജീദ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.കലാവതി എം.സി അദ്ധ്യക്ഷത വഹിച്ചു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്.ടി.ആർ,വൈസ് പ്രസിഡന്റ് അനീജ.കെ.എസ്, സെക്രട്ടറി വീണ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ കുമാർ, ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ.ജിജി തോമസ്,ഡോ.ജയകൃഷ്ണൻ.ആർ,ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ,ഡോ.സുഗീത് എം.ടി,ഡോ . റോണ ജോസഫ് എന്നിവർ പങ്കെടുത്തു.
മൂന്നുവർഷം 4000 പേരിൽ പരിശോധന
2022 മുതലാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളിൽ ആർ.സി.സിയുടെ സഹകരണത്തോടെ ഫസ്റ്റ് ചെക്ക് എന്ന പേരിൽ പദ്ധതി ആരംഭിച്ചത്.സ്ത്രീകളിലെ ഗർഭാശയം, സ്തനം, തൊണ്ട എന്നിവയെ ബാധിക്കുന്ന അർബുദമാണ് ക്യാമ്പുകളിലൂടെ മുൻകൂർ നിർണയം നടത്തുന്നത്. മാസംതോറും സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ രോഗസാദ്ധ്യത കണ്ടെത്തുന്നവരെ വിദഗ്ദ്ധ പരിശോധനയ്ക്കായി ആർ.സി.സിലേക്ക് മാറ്റും. ഇതുവരെ നടന്ന 33 ക്യാമ്പുകളിലായി നാലായിരം സ്ത്രീകളാണ് പരിശോധനയ്‌ക്കെത്തിയത്. ബ്ലോക്കിന്റെ സാമ്പത്തിക പിന്തുണയോടെ 499 പേർ ആർ.സി.സിയിൽ തുടർ പരിശോധനയ്ക്ക് വിധേയരായി. 15 പേർക്ക് കാൻസർ കണ്ടെത്തി ആർ.സി.സി.യിൽ ചികിത്സയിലാണ്.