ശംഖുംമുഖം: ആത്മഹത്യ ചെയ്ത യുവതിയും സുഹൃത്തും തമ്മിലുള്ള ഫോൺ കാൾ വിവരങ്ങൾ ചോർത്തി ഭർത്താവിന് നൽകിയ സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. പൂന്തുറ പൊലീസ് സ്റ്റേഷനിലെ അസി.റെറ്റർ നവീൻ മുഹമ്മദിനെയാണ് അന്വേഷണ വിധേയമായി കമ്മിഷണർ ജി.സ്‌പർജൻ കുമാർ സസ്‌പെൻഡ് ചെയ്തത്.വിശദമായ അന്വേഷണത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മിഷണർ പറഞ്ഞു.ഒഫീഷ്യൽ സീക്രട് ആക്ടിന്റെ ലംഘനം ഉൾപ്പെടെ നടന്നതിനാൽ ഗുരുതരമായ കുറ്റമാണെന്നാണ് വിലയിരുത്തുന്നത്.

മോഷണക്കേസിൽ പ്രതിയുടെ ഫോൺകാൾ രേഖകളാവശ്യപ്പെട്ട് സൈബർ സെല്ലിലേക്ക് പൂന്തുറ സ്റ്റേഷനിൽ നിന്ന് നൽകിയ അപേക്ഷയിൽ കൃത്രിമം നടത്തി യുവതിയുടെ സുഹൃത്തിന്റെ ഫോൺനമ്പർ എഴുതിച്ചേർത്തു. യുവതിയുടെ ഭർത്താവിന്റെ ആവശ്യപ്രകാരമാണ് നവീൻ കൃത്രിമം കാട്ടിയതെന്ന് അന്വേഷണത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വൈകിട്ട് സസ്‌പെൻഡ് ചെയ്യുന്നതിനു മുൻപ് എസ്.എച്ച്.ഒ ഇയാളെ അസി.റെറ്റർ സ്ഥാനത്തു നിന്ന് കോടതി ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു.കല്ലാട്ടുമുക്ക് സ്വദേശിയായ നവീൻ മുഹമ്മദ് ഏഴ് മാസം മുൻപാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പൂന്തുറയിലെത്തിയത്.ഈ സ്റ്റേഷനിലുണ്ടായിരുന്ന അസി.റെറ്റർ വിജിലൻസിലേക്ക് പോയ ഒഴിവിലാണ് നവീന് പകരം ചുമതല നൽകിയത്.

ഓഗസ്റ്റിലാണ് വട്ടിയൂർക്കാവ് സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തത്. ഭർത്താവാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് യുവതിയുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നു.ഈ കേസ് അന്വേഷിക്കുന്നതിനിടെ ഭാര്യയുടെ സുഹൃത്തായ യുവാവിന് മരണത്തിൽ പങ്കുണ്ടന്ന് ആരോപിച്ച് ഭർത്താവ് രംഗത്തെത്തി.

എന്നാൽ പൊലീസ് കേസെടുക്കാതിരുന്നപ്പോൾ ഭാര്യയും സുഹൃത്തും തമ്മിലുള്ള ഫോൺ വിളിയുടെ രേഖകൾ കാണിച്ച് ഇയാൾ കലഹിച്ചു. ഇതിൽ സംശയം തോന്നിയ വട്ടിയൂർക്കാവ് പൊലീസ് യുവതിയുടെ സുഹൃത്തിന്റെ ഫോൺ വിളി വിവരങ്ങൾ ശേഖരിക്കാൻ സൈബൽ സെല്ലിന് നൽകിയപ്പോഴാണ് പൂന്തുറ സ്റ്റേഷനിൽ നിന്ന് മോഷണ കേസുമായി ബന്ധപ്പെട്ട് ജൂണിൽ ഈ നമ്പരിന്റെ വിവരങ്ങളെടുത്തതായി മനസിലായത്. തുടർന്നാണ് യുവതിയുടെ ഭർത്താവും പൂന്തുറ സ്റ്റേഷനിലെ നവീനും അടുത്ത സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയത്. ഇതോടെ സിറ്റി പൊലീസ് കമ്മിഷണർ വിഷയത്തിൽ ഇടപെട്ടു.സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തി റിപ്പോർട്ട് നൽകി.

സഹപ്രവർത്തകരുമായി കലഹം

നവീൻ മുഹമ്മദ് സ്റ്റേഷനിൽ സഹപ്രവർത്തകരുമായി യോജിച്ചുപോകാറില്ലെന്നാണ് വിവരം. നേരത്തെ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലെ സഹപ്രവർത്തകർക്കും സമാനമായ അഭിപ്രായമാണ്.പൂന്തുറ എസ്.എച്ച്.ഒ അവധിയിലായിരുന്ന ദിവസം നോക്കി രണ്ട് എസ്.ഐമാരെ കബളിപ്പിച്ചാണ് ലിസ്റ്റിൽ ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ മൊബൈൽ നമ്പർ ഇയാൾ എഴുതി ചേർത്തത്.ഇതിനുള്ള പെർഫോമയും സ്റ്റേഷൻ ചാർജുണ്ടായിരുന്ന എസ്.ഐയിൽ നിന്ന് റെക്കമന്റ് ലെറ്ററും വാങ്ങി കമ്മീഷണർ ഓഫീസിലേക്ക് അയച്ചു.സൈബർ സെല്ലിൽ നിന്ന് സ്റ്റേഷനിലെത്തിയ കാൾ ലിസ്റ്റിന്റെ പകർപ്പ് യുവതിയുടെ ഭർത്താവിനും നവീൻ നൽകി.