
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ദുരന്തചിത്രം കമലാ ഹാരിസിന്റേതാണെന്ന് നിസ്സംശയം പറയാനാകും. കാരണം, ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിക്കുമെന്ന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നൊസ്ട്രാഡമസ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഷ്ട്രീയ ചരിത്രകാരൻ പ്രൊഫ.അലൻ ലിഖ്‌മാന്റെ പ്രവചനം കമലാ ഹാരിസിനും പാർട്ടിക്കും അത്രയധികം ആത്മവിശ്വാസമാണ് നൽകിയിരുന്നത്. എന്നാൽ, 1984ന് ശേഷമുണ്ടായ പത്ത് തിരഞ്ഞെടുപ്പുകളിൽ 9 എണ്ണത്തിലും ശരിയായി പ്രവചിച്ചിട്ടുള്ള ലിഖ്‌മാന്റെ പ്രവചനവും അദ്ദേഹം ചൂണ്ടിക്കാട്ടിയ രീതിശാസ്ത്രവും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഡൊണാൾഡ് ട്രംപിന്റെ ആദ്യ ടേമിലെ മുൻകാല ചരിത്രവും തുടർന്നുണ്ടായ തോൽവിയും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളും ഒരു പ്രസിഡന്റിന്റെ കലാപാഹ്വാനങ്ങളുമാകാം ലിഖ്‌മാന്റെ കണക്കുകൂട്ടലുകളിൽ ട്രംപിന്റെ അയോഗ്യതയായി വിലയിരുത്തപ്പെട്ടത്. എന്നാൽ, ജോ ബൈഡന്റെ പാരമ്പര്യം തുടരുമെന്നല്ലാതെ മറ്റൊന്നും തന്റെ എതിരാളി വാഗ്ദ്ധാനം ചെയ്യുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രചാരണം. രാജ്യത്തിന്റെ കത്തുന്ന വിഷയങ്ങളിൽ കമലാ ഹാരിസ് വാഗ്ദ്ധാനങ്ങളൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെന്ന ട്രംപിന്റെ വാദങ്ങൾക്ക് മേൽക്കൈ ലഭിച്ചെന്നു വേണം കണക്കാക്കാൻ.
ട്രംപിന്റെ ട്രം കാർഡുകൾ
അമേരിക്കൻ സമ്പദ് വ്യവസ്ഥ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിതിവിവര കണക്കുകൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പണപ്പെരുപ്പവും അത് മൂലമുണ്ടായ വിലക്കയറ്റവുമാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, അത് ഏറ്റവും വലിയ ആശങ്കയാണെന്ന് കമലാ ഹാരിസ് തിരിച്ചറിഞ്ഞില്ല. അനധികൃത കുടിയേറ്റക്കാരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ മൂലമാണ് രാജ്യത്തെ സാമൂഹിക ഘടനയെ തകർത്തതെന്ന ട്രംപിന്റെ വാദത്തിന് കമലാ ഹാരിസിന് മറുപടിയും ഉണ്ടായിരുന്നില്ല. അതേസമയം, സാങ്കേതിക മേഖലയിൽ നിർണായക പങ്കുവഹിക്കുന്ന പ്രൊഫഷണലുകളുടെ കുടിയേറ്റം തടയില്ലെന്ന ട്രംപിന്റെ നിലപാടിന് പരക്കെ അംഗീകാരം ലഭിച്ചു.
ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രംപിന്റെ അയഞ്ഞ നിലപാടിനെ സ്ത്രീ വോട്ടർമാർ എതിർക്കുമെന്നായിരുന്നു കമലാ ഹാരിസിന്റെ പ്രതീക്ഷ. എന്നാൽ, പ്രത്യുത്പാദന ആരോഗ്യവുമായ ബന്ധപ്പെട്ട വിഷയമായതിനാൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് കമല നിലപാടെടുത്തെങ്കിലും സ്ത്രീകളിൽ ഭൂരിഭാഗം പേരും അതിനെ പിന്തുണച്ചില്ല.
റഷ്യയ്ക്കെതിരായി യുക്രെയിന് ആയുധങ്ങളും സാമ്പത്തികവും നൽകിയതിൽ ഒരു നേട്ടവുമുണ്ടായില്ലെന്നും ഹമാസിനെതിരേ ഗാസയിലും ലെബനനിലുമുണ്ടായ നെതന്യാഹുവിന്റെ അതിക്രമങ്ങൾ തടയുന്നതിലും ബൈഡൻ പരാജയപ്പെട്ടെന്നും പൊതുവെ വിലയിരുത്തപ്പെട്ടു. ഒരു മാറ്റം അമേരിക്കക്കാർക്ക് ആവശ്യമായിരുന്നു. അതാണ് ട്രംപിലൂടെ അവർ തുറന്നുകാട്ടിയത്.
അന്നത്തെ പ്രത്യേക സൗഹൃദം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഡെമോക്രാറ്റുകളായുള്ള മുൻകാല ചരിത്രവും ട്രംപ് തന്റെ ആദ്യ ടേമിൽ കാട്ടിയിരുന്ന സൗഹാർദ്ദമായ സമീപനങ്ങളും കാരണം ഒരു നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതേസമയം, ഇന്ത്യൻ വംശജയായ ഒരാൾ യു.എസ് പ്രസിഡന്റ് പദവിയിലെത്തിയേക്കുമെന്ന പ്രതീക്ഷയ്ക്കും പ്രധാന്യം നൽകിയിരുന്നു. എന്നാൽ, ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെയും പത്രസ്വാതന്ത്ര്യത്തെയും നിരന്തരം വിമർശിക്കുകയും ജമ്മു കാശ്മീരിലെ ഇന്ത്യയുടെ നയം മാറ്റണമെന്ന് കമല ആവശ്യപ്പെടുകയും ചെയ്തത് ഈ പ്രാധാന്യത്തിന് മങ്ങലേൽപിച്ചു.
2020ൽ ലഡാക്കിൽ ചൈനീസ് നുഴഞ്ഞുകയറ്റ സമയത്ത് ട്രംപ് രാഷ്ട്രീയ പിന്തുണ നൽകിയെന്ന് മാത്രമല്ല, ഇന്ത്യൻ സൈന്യത്തിന് സുപ്രധാനമായ മാരകമല്ലാത്ത ഉപകരണങ്ങൾ നൽകുകയും ചെയ്തിരുന്നു. ആവശ്യമെങ്കിൽ സായുധ ഡ്രോണുകൾ നൽകാമെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.
തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാന് നൽകിയ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫണ്ടിംഗ് പൂർണ്ണമായും നിറുത്തലാക്കുകയും ചെയ്തിരുന്നു. ഇന്ത്യയോട് അന്ന് തുടർന്നിരുന്ന അതേസമീപനം തന്നെ ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.