
തിരുവനന്തപുരം: പൂവാറിലെ കടലാക്രമണവും തീരം ഇടിയുന്നതും തടയാൻ നൂതനരീതിയിൽ ജിയോ ബാഗുകൾ സജ്ജമാക്കി മേജർ ഇറിഗേഷൻ തിരുവനന്തപുരം സൗത്ത് സബ് ഡിവിഷൻ. പൂവാർ പൊഴി ഭാഗത്തെ 90 മീറ്ററിലാണ് കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യക്ഷമതയോടെ ജിയോബാഗുകൾ സ്ഥാപിച്ചത്. തിരുവനന്തപുരത്ത് വർക്കലയിലാണ് മുമ്പ് ജിയോബോഗുകൾ ഉപയോഗിച്ചിട്ടുള്ളത്. അന്ന് ഇത് പൂർത്തിയാക്കാൻ മൂന്നു മാസത്തോളം വേണ്ടിവന്നു. എന്നാൽ പൂവാറിൽ വെറും രണ്ടാഴ്ച കൊണ്ടാണ് അഞ്ചു ലെയറുകളിലായി ജിയോബാഗുകൾ ഒരുക്കിയത്. മുമ്പ് ജിയോബാഗുകൾ നിറയ്ക്കുമ്പോൾ ഓരോ ഘട്ടത്തിലും മനുഷ്യരാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പൂവാറിലേത് തികച്ചും നൂതന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ ബാഗിലും ഒരു ക്യുബിക് മീറ്റർ കണക്കിൽ തീരത്തെ മണൽ നിറച്ചാണ് ജിയോ ബാഗുകൾ ഒരുക്കിയിരിക്കുന്നത്.
ജിയോഗബാഗുകൾ സജ്ജമാക്കിയത് ഇങ്ങനെ
ഹിറ്റാച്ചിയുടെ ലോഡർ ഭാഗത്ത് ബക്കറ്ര് മാറ്റി പകരം ഇറിഗേഷൻ വിഭാഗം രൂപകല്പന ചെയ്ത ഒരു മോൾഡ് സ്ഥാപിച്ചു. ഇതിനുള്ളിലേക്ക് ചാക്ക് വച്ചു. ഹിറ്റാച്ചി പ്രവർത്തിപ്പിച്ച് മണ്ണ് ഇതിനുള്ളിലാക്കി. തുടർന്ന് തൊഴിലാളികൾ ജിയോഗബാഗിൽ അധികമായി നിറഞ്ഞ മണ്ണ് തട്ടിക്കളഞ്ഞ് ചാക്കിന്റെ മുകൾവശം തയ്ച്ചെടുത്തതോടെ ജിയോബാഗ് റെഡി. ഹിറ്റാച്ചി കൊണ്ട് ലേയറുകളായി ഇത് ഒതുക്കിവച്ചു. 14 ലക്ഷമാണ് ആകെ ചെലവ്.
കാലവർഷം തകർത്തത്
പൂവാർ പൊഴിക്കു സമീപത്തുള്ള റോഡും കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന റോഡിലെ സംരക്ഷണഭിത്തിയും കഴിഞ്ഞ കാലവർഷത്തിൽ തകർന്നു. നെയ്യാർ കരകവിഞ്ഞതോടെ തീരം പൂർണമായും ഇല്ലാതായി. ഗതാഗതം നിലച്ചു. ഈ സാഹചര്യത്തിലാണ് ജിയോബാഗുകൾ സ്ഥാപിച്ചത്. എക്സിക്യൂട്ടീവ് എൻജിനിയർ എൻ.സി.അനിൽകുമാർ.കെ, അസിസ്റ്റന്റ് എൻജിനിയർ ഹരീഷ് മധു എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.