s

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണന് കുരുക്ക് മുറുകുന്നു. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തല്ല ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ഗൂഗിൾ പൊലീസിനെ അറിയിച്ചു. ഗ്രൂപ്പുകൾ രൂപീകരിക്കാൻ ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ.പി വിലാസം ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും വിവരം നൽകി. ഇതോടെ ഗോപാലകൃഷ്ണൻ തന്നെയാണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു. ഹാക്കിംഗ് നടന്നിട്ടില്ലെന്ന് നേരത്തെ വാട്സ്ആപ്പും പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, സന്ദേശങ്ങൾ കൈമാറിയിട്ടില്ലാത്തതിനാൽ കേസെടുക്കണോയെന്നതിൽ പൊലീസിന് വ്യക്തതയില്ല.

ഗോപാലകൃഷ്ണന്റെ രണ്ട് ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗ്രൂപ്പുകൾ രൂപീകരിച്ച സമയം, സ്ഥലം, ഫോൺ, അംഗങ്ങൾ ആരൊക്കെ, സന്ദേശങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങൾ വാട്സ്ആപ്പ് കൈമാറുന്നതോടെ കാര്യങ്ങളിൽ വ്യക്തതയുണ്ടാവും. ഫോണുകളിലെ മായ്ച്ചുകളഞ്ഞ വിവരങ്ങൾ വീണ്ടെടുക്കാൻ സി- ഡാക്കിന്റെ സഹായവും തേടും.

ഒക്ടോബർ 30നാണ് ഗോപാലകൃഷ്ണൻ അഡ്മിനായി മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത്. വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതിനൽകിയത്. അതേസമയം, ഫോൺ ഹാക്ക്ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും സുഹൃത്തുക്കൾ പറഞ്ഞാണ് വിവരമറിഞ്ഞതെന്നുമുള്ള മൊഴി ഗോപാലകൃഷ്ണൻ ആവർത്തിച്ചു. എന്നാൽ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടാൽ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യാനാകില്ലെന്ന് പൊലീസ് പറയുന്നു.

കേന്ദ്രഡെപ്യൂട്ടേഷന് കുറുക്കുവഴി

കേന്ദ്രഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ ഉന്നതപദവി ഉറപ്പാക്കാൻ, താൻ കേരളത്തിൽ ഐ.എ.എസുകാർക്കിടയിൽ സ്വാധീനമുള്ളയാളാണെന്ന് കേന്ദ്രത്തിലെ ഉന്നതനെ അറിയിക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസ് പറയുന്നത്.

മുൻപ് രണ്ടുവട്ടം ഡെപ്യൂട്ടേഷന് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ആദ്യം ഹിന്ദു ഉദ്യോഗസ്ഥരുടെ ഗ്രൂപ്പാണുണ്ടാക്കിയത്. വിവാദമായതോടെ മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ചില ജാതിയടിസ്ഥാനത്തിലെ ഗ്രൂപ്പുകളുമുണ്ടാക്കി.