
കൊച്ചി: സംസ്ഥാന കായികമേളയിൽ അത്ലറ്റിക്സിൽ ആതിഥേയർക്ക് കരുത്തായി കോതമംഗലം മാർ ബേസിലിന്റെ കുതിപ്പ്. അലറ്റിക്സിൽ മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 19 പോയിന്റും സമ്മാനിച്ചത് മാർ ബേസിൽ എച്ച്.എസ്.എസ് സ്കൂളാണ്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടി നിത്യയിലൂടെയാണ് മാർ ബേസിൽ പോരാട്ടത്തിന്റെ കാഹളം മുഴക്കിയത്. പോൾവാട്ടിലെ ദേശീയ റെക്കാഡോടെ മാർ ബേസിലിന്റെ ശിവദേവ് രാജീവ് സ്കൂളിന്റെ പോരാട്ടത്തിന് മാറ്റ് കൂട്ടി.
ഇന്നലെ രാവിലെ 6.10ന് ആൺകുട്ടികളുടെ അഞ്ച് കി.മീ നടത്തത്തിലൂടെയാണ് മേളയുടെ ട്രാക്കുണർന്നത്. മഹാരാജാസിലെ ഫ്ളഡ്ലിറ്റ് വെളിച്ചത്തിൽ രാത്രി എട്ടുവരെ മത്സരങ്ങൾ നീണ്ടു.
ശിവദേവ് റെക്കാഡുകളുടെ തോഴൻ!
സീനിയർ ആൺകുട്ടികളുടെ പോൾ വോൾട്ടിൽ 12 വർഷം പഴക്കമുള്ള റെക്കാഡ് മറികടന്നാണ് ആതിഥേയർക്കായി മാർബേസിൽ സ്കൂളിലെ ശിവദേവ് പൊന്നണിഞ്ഞത്.
2012ൽ വിഷ്ണു ഉണ്ണി കുറിച്ച 4.5 മീറ്റർ ഉയരമാണ് ശിവദേവ് 4.80 മീറ്റർ താണ്ടി തിരുത്തിയത്. നിലവിൽ ജൂനിയർ വിഭാഗത്തിലെ റെക്കാഡും ശിവദേവിന്റെ പേരിലാണ്. 2022ലെ മീറ്റിലാണ് 4.07 മീറ്റർ ഉയരം താണ്ടി ശിവദേവ് ജൂനിയർ വിഭാഗത്തിൽ റെക്കാഡ് കുറിച്ചത്.വലമ്പൂർ സ്വദേശിയായ ശിവദേവ് നാട്ടുകാർ പിരിവിട്ട് വാങ്ങിയ പോൾ ഉപയോഗിച്ചാണ് ഇന്നലെ മീറ്റ് റെക്കാഡ് സ്വന്തമാക്കിയത്. സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ ത്രില്ലിംഗ് പോരാട്ടമായിരുന്നു മാർബേസിൽ സ്കൂളിലെ ഒരേ ക്ലാസിൽ പഠിക്കുന്ന ചങ്ങാതിമാരായ ശിവദേവും വെള്ളനേടിയ മാധവും (4.40 മീറ്റർ) തമ്മിൽ നടന്നത്.
കോലഞ്ചേരി സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായ രാജീവിന്റെയും ബീനയുടേയും മകനാണ് ശിവദേവ്.
ഷിൽജിയുടെ ഗോളടി മികവിൽ കണ്ണൂരിന് കിരീടം
സീനിയർ പെൺകുട്ടികളുടെ ഫുട്ബാളിൽ എതിരില്ലാത്ത 8 ഗോളുകൾക്ക് കണ്ണൂരിനെ കീഴടക്കി കോഴിക്കോടിന് കിരീടം. 6 ഗോള് നേടി കണ്ണൂരിന് തകർപ്പൻ ജയമൊരുക്കിയത് കായിക മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ദീപശിഖയേന്തിയ ഇന്ത്യൻ താരം ഷിൽജി ഷാജിയാണ്. കോഴിക്കോട് കക്കയം സ്വദേശിയാണ് ഷിൽജി.
പരിക്കിൽ പതറി യദു
കൊച്ചി: സീനിയർ പോൾവോൾട്ട് മത്സരത്തിനിടിയിൽ ക്രോസ് ബാറിൽ താടി തട്ടി വിദ്യാർത്ഥിക്ക് പരിക്ക്. ചാലിശേരി ജി.എച്ച്.എസിസിലെ പ്ലസ് ടു വിദ്യാർത്ഥി യദുകൃഷ്ണനാണ് പരിക്ക്. 3.80 മീറ്റർ മറികടക്കുന്നതിനിടിയൽ പോളിന്റെ പൊസിഷൻ മാറുകയും ഉയരെയുള്ള ക്രോസ്ബാറിൽ താടിയിടിച്ച് മുറിവേൽക്കുകയും ചെയ്തു. അസഹനീയ വേദനയാൽ പുളഞ്ഞ യദുവിന് മെഡിക്കൽ സംഘമെത്തി ചികിത്സ നൽകി. വേദന കാരണം മത്സരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് യദു കളത്തിൽ ഇരുന്ന് കരഞ്ഞു. തുടർന്ന് സംഘാടകരും മാദ്ധ്യമപ്രവർത്തകരും മെഡിക്കൽ സംഘവു ചേർന്ന് ആശ്വസിപ്പിച്ച് കൈയടിയോടെ മത്സരത്തിലേക്ക് യദുവിനെ കൊണ്ടുവന്നു. ലഭിച്ച ആത്മവിശ്വാസത്തിൽ യദു ചാടിയെങ്കിലും ഫൗളായി. 3.80മീറ്ററിന് മുകളിൽ ചാടണമെന്ന് യദുവിന് വലിയ ആഗ്രഹമുണ്ടായിരുന്നു.ആ സങ്കടം ഉള്ളിലൊത്തുക്കി എല്ലാർക്കും പുഞ്ചിരി നൽകി യദു മടങ്ങി.