തിരുവനന്തപുരം: മണക്കാട് സ്കൂളിൽ നടക്കുന്ന സൗത്ത് ഉപജില്ലാ കലോത്സവത്തിൽ ഇന്നലെ പ്രതിഷേധമുയർന്നു. യു.പി വിഭാഗം നാടകമത്സരത്തിൽ എ ഗ്രേഡ് കിട്ടിയില്ലെന്നാരോപിച്ച് കോട്ടൺഹിൽ സ്കൂളിലെ കുട്ടികൾ നാടകമത്സര വേദിയിൽ പ്രതിഷേധിക്കുകയായിരുന്നു.തുടർന്ന് എൽ.പി വിഭാഗത്തിന്റെ ഇംഗ്ളീഷ് സ്കിറ്റ് രണ്ടരമണിക്കൂർ വൈകി. അപ്പീൽ പരിശോധിക്കാമെന്ന ഡി.ഇ.ഒയുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിച്ചത്. എന്നാൽ പ്രതിഷേധം കാരണം ചെറിയകുട്ടികളുടെ മത്സരം വൈകിയതിനാൽ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. ഒന്നാംസ്ഥാനത്തെച്ചൊല്ലി ബുധനാഴ്ചയും ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ പ്രതിഷേധമുയർന്നിരുന്നു. വിധിനിർണയത്തിൽ അപാകതയുണ്ടെന്നാരോപിച്ച് കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് സ്‌റ്റേജിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് ദഫ് മുട്ട് മത്സരം തടസപ്പെട്ടു.