professor-clipart

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വി.സി നിയമനം നടത്തുന്നത് സർക്കാർ നൽകിയ പാനലിൽ നിന്നായിരിക്കണമെന്ന നിലപാടിലുറച്ച് സർക്കാർ. വാഴ്സിറ്റി ആരംഭിച്ച ശേഷം ആദ്യമായി നടത്തുന്ന പ്രൊഫസർ, അസോ.പ്രൊഫസർ, അസി.പ്രൊഫസർ തസ്തികകളിലെ 40 നിയമനങ്ങളിൽ പിടിമുറുക്കാനാണ് ഈ കടുംപിടുത്തമെന്നാണ് ആക്ഷേപം. കാലാവധി കഴിഞ്ഞിട്ടും ആറു മാസമായി തുടരുന്ന ബോർഡ് ഒഫ് ഗവേണൻസ്, നിയമനത്തിന് വിജ്ഞാപനമിറക്കി അഭിമുഖം നടത്താനുള്ള നീക്കത്തിനിടെയാണ് വി.സിയായിരുന്ന സജി ഗോപിനാഥിന്റെ കാലാവധി കഴിഞ്ഞത്. സർക്കാരിന് താത്പര്യമുള്ളയാളെ വി.സിയാക്കണമെന്ന നിലപാടിലാണ് സർക്കാരെങ്കിലും അംഗീകരിക്കാൻ ഗവർണർ തയ്യാറല്ല.

അതേസമയം, പത്തുവർഷം മുൻപ് സർക്കാർ അനുവദിച്ച അദ്ധ്യാപക തസ്തികകളാണിതെന്നാണ് സർവകലാശാലയിലെ ബോർഡ് ഒഫ് ഗവേണൻസ് പറയുന്നത്. വാഴ്സിറ്രി സ്വന്തം പഠനസ്കൂളുകൾ ആരംഭിച്ച് അദ്ധ്യാപക നിയമനം നടത്തിയാലേ യു.ജി.സിയുടെ സ്ഥിര അംഗീകാരം ലഭിക്കൂ. യു.ജി.സി വ്യവസ്ഥ പ്രകാരമാണ് നിയമനങ്ങൾ നടത്തുക. സെലക്ഷൻ കമ്മിറ്റിയിൽ ഒരു സിൻഡിക്കേറ്റംഗവുമില്ല. ചാൻസലറുടെ പ്രതിനിധിയും വിഷയ വിദഗ്ദ്ധരുമാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളതെന്നും ബോർഡില ഇടത് അംഗങ്ങൾ പറഞ്ഞു.