
തിരുവനന്തപുരം: വനംവകുപ്പ് ബീറ്റ് ഓഫീസർമാർക്ക് സംസ്ഥാന തലത്തിൽ പ്രമോഷൻ നൽകാനുള്ള ചട്ടഭേദഗതി നിർദ്ദേശം ഫയലിലൊതുങ്ങി. 2022ൽ തയ്യാറാക്കിയ ചട്ടഭേദഗതിയുടെ കരട് നിർദ്ദേശമാണ് ഭരണ നിർവഹണവകുപ്പിൽ കുരുങ്ങിക്കിടക്കുന്നത്. സർക്കിൾ അടിസ്ഥാനത്തിൽ മാത്രം പ്രമോഷൻ നൽകുന്നതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയരുന്നതിനിടെയാണിത്. ഹൈറേഞ്ച് സർക്കിളിൽ (കോട്ടയം, ഇടുക്കി ജില്ലകൾ) 18 വർഷമായി ജോലി ചെയ്യുന്നവർക്ക് ഇതുവരെ പ്രമോഷൻ നൽകിയില്ലെന്നാണ് പരാതി. മറ്റ് സർക്കിളുകളിൽ 10, 12 വർഷം സർവീസുള്ളവർക്ക് പ്രമോഷൻ നൽകിയതായും പറയുന്നു.
ജില്ലാ അടിസ്ഥാനത്തിൽ പി.എസ്.സി മുഖേന ജോലിയിൽ പ്രവേശിക്കുന്ന ബി.എഫ്.ഒമാർക്ക് സർക്കിൾ അടിസ്ഥാനത്തിലാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി (എസ്.എഫ്.ഒ) പ്രമോഷൻ നൽകുന്നത്. എസ്.എഫ്.ഒമാരെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാക്കി പ്രമോഷൻ നൽകുന്നത് സംസ്ഥാന അടിസ്ഥാനത്തിലാണ്. ബി.എഫ്.ഒമാർക്ക് സർക്കിൾ അടിസ്ഥാനത്തിൽ പലസമയത്ത് പ്രമോഷൻ നൽകുന്നതിനാൽ എസ്.എഫ്.ഒ പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുമ്പോൾ ജൂനിയറായവർ പോലും സീനിയോറിറ്റി മറികടന്ന് ലിസ്റ്റിൽ ഉൾപ്പെടുമെന്നും പ്രമോഷൻ കിട്ടാത്തവർ തഴയപ്പെടുമെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെയുള്ള പരാതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടതിനെ തുടർന്നാണ് ചട്ടഭേദഗതിയുടെ കരട് തയ്യാറാക്കി ഭരണനിർവഹണവകുപ്പിന് കൈമാറിയത്.
5 സർക്കിളുകൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട (സതേൺ സർക്കിൾ), കോട്ടയം, ഇടുക്കി (ഹൈറേഞ്ച് സർക്കിൾ), എറണാകുളം, തൃശൂർ (സെൻട്രൽ സർക്കിൾ), പാലക്കാട്, മലപ്പുറം (ഈസ്റ്റേൺ സർക്കിൾ), കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് (നോർത്തേൺ സർക്കിൾ)
പ്രശ്നം സമവായമില്ലാത്തത്
ബി.എഫ്.ഒമാരുടെ പ്രമോഷൻ സംസ്ഥാന തലത്തിലാക്കണമെന്ന ആവശ്യം ചില ബി.എഫ്.ഒമാർ തന്നെ എതിർക്കുന്നതാണ് വിഷയത്തിൽ തീരുമാനമുണ്ടാകാത്തതിന് കാരണമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രമോഷൻ സർക്കിൾ അടിസ്ഥാനത്തിൽ തന്നെ മതിയെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ സമവായമുണ്ടാക്കാൻ ശ്രമം തുടരുകയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.