asma

കോഴിക്കോട്: പെരുമണ്ണ പയ്യടിമീത്തലിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. തിരുവണ്ണൂർ ഒ.കെ റോഡിൽ ആദിയോടത്ത് ചെവിടുപൊട്ടിക്കൽ വീട്ടിൽ കെ.പി അസ്മാബിയെയാണ് (55) ബുധനാഴ്ച രാത്രി കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മാബിയുടെ മകൾ സിനോബിയുടെ ഭർത്താവ്, തമിഴ്നാട് അരക്കോണം സ്വദേശി മഹമൂദ് (39) ആണ് അറസ്റ്റിലായത്. അസ്മാബിയും, മകളും തമിഴ്നാട് സ്വദേശിയായ മരുമകൻ മഹമൂദും കഴിഞ്ഞ നാലുവർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്.
സംഭവശേഷം മകളുടെ ഇരുചക്രവാഹനവും, അസ്മാബിയുടെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. പതിവായി മദ്യപാനശീലമുള്ള മഹമൂദ് മുമ്പ് പലതവണ അസ്മാബിയെ ഉപദ്രവിച്ചിരുന്നതായും പോലീസ് പറഞ്ഞു. അസ്മാബിയുടെ മരണശേഷം ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞ ഇയാളെ ഫറോക്ക് എ.സി.പിയും സംഘവും പാലക്കാട് പൊലീസിന്റെ സഹായത്തോടെ പാലക്കാട് വച്ചാണ് അറസ്റ്റ് ചെയ്തത്. തലയണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചാണ് അസ്മാബിയെ കൊലപ്പെടുത്തിയതെന്ന് മഹമൂദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി മഹമൂദിനെ എത്രയും പെട്ടെന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പന്തീരാങ്കാവ് സി.ഐ അറിയിച്ചു.