വർക്കല: കുടിവെള്ള പദ്ധതികൾക്കായി കോടികൾ ചെലവഴിച്ചിട്ടും ഇലകമൺ പഞ്ചായത്തിലെ പകുതിയോളം വാർഡുകളിലും ജലക്ഷാമത്തിന് അറുതിയില്ല. കായൽപ്പുറം കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടും മഴ സമയങ്ങളിൽ പോലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കുടിവെള്ളത്തിനായി അഞ്ചോ അതിലധികമോ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഓരോ കുടുംബങ്ങളും. കുന്നുംപുറത്തും ചാറുംകുഴിയിലും പട്ടന്റെതേരി പ്രദേശത്തും ആഴ്ചയിൽ ഒരിക്കലാണ് കുടിവെള്ളമെത്തുന്നത്. പ്രകൃതിദത്ത നീരുറവകൾ ആധാരമാക്കിയുള്ള പദ്ധതിയിൽ ആവശ്യത്തിന് വെള്ളമുണ്ട്. ജലജീവൻ മിഷൻ പദ്ധതിയിൽ മേഖലയിലെ ഗാർഹിക കണക്ഷനുകൾ കൂടിയപ്പോൾ ആനുപാതികമായി ജലസംഭരണവും പൈപ്പ് ലൈൻ വിതരണശേഷിയും ഉയർത്താനായിട്ടില്ല എന്നതാണ് പ്രധാന പോരായ്മയായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
കായൽപ്പുറം കുടിവെള്ള പദ്ധതി
2012ൽ 60 ലക്ഷം രൂപ ചെലവഴിച്ചാണ് കായൽപ്പുറം കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. 2015ൽ പദ്ധതി നവീകരിച്ചു. ആകെയുള്ള നാല് പമ്പുകളിൽ മൂന്നെണ്ണവും കേടായി. ഒരു പമ്പ് കേടാകുമ്പോൾ പ്രവർത്തിക്കേണ്ട പമ്പുകൾ കേടായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇവ നന്നാക്കാനുള്ള നടപടികളുണ്ടായില്ല. ഇതിനാൽ ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നും വെള്ളം കൃത്യമായി പമ്പ് ചെയ്യാനും കഴിയുന്നില്ല. ഇപ്പോൾ പ്രവൃത്തിക്കുന്ന മോട്ടോർ കേടായാൽ ജലവിതരണം നിലയ്ക്കും. നിലവിൽ സംഭരണി നിറഞ്ഞ് ജലം കായലിലേക്ക് ഒഴുകുന്ന അവസ്ഥയാണെന്നും പരാതിയുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള 100 എം.എം കാസ്റ്റ് അയൺ പൈപ്പ് ലൈനുകൾ കാലപ്പഴക്കത്താൽ നശിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ ദുരിതത്തിൽ
ജലക്ഷാമം മൂലം പാളയംകുന്ന് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ടോയ്‌ലെറ്റിൽ പോകുന്നതിന് പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്. 3000 ത്തോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പെൺകുട്ടികൾ ഉപയോഗിച്ച സാനിറ്ററി പാഡുകളും മറ്റും ടോയ്‌ലെറ്റിനുള്ളിൽ കെട്ടിക്കിടക്കുന്നുവെന്നും ആരോപണമുണ്ട്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. കുട്ടികളുടെ സമഗ്രമായ ഉന്നമനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെങ്കിലും കുട്ടികൾ പഠിക്കേണ്ടി വരുന്നത് ശുചിത്വമില്ലായ്മയാണ്. ടോയ്‌ലെറ്റ് ഉപയോഗയോഗ്യമല്ലാതായതോടെ ആർത്തവ സമയങ്ങളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ അധികൃതർ പരിഗണിക്കണമെന്നും ജലവിതരണം കാര്യക്ഷമമാക്കി ശോച്യാവസ്ഥ പരിഹരിക്കണമെന്നും രക്ഷകർത്താക്കൾ ആവശ്യപ്പെട്ടു.