photo

സ്റ്റാളുകൾ അനുവദിച്ചത് അശാസ്ത്രീയമായെന്ന്

തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും കച്ചവടത്തിന് മാർക്കറ്രിലക്കെത്തുന്നത് ജീവിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ടാണ്... പുതിയ കെട്ടിടത്തിൽ എനിക്ക് കട അനുവദിച്ചത് രണ്ടാം നിലയിലാണെന്നാണ് അറിഞ്ഞത്...ആരോഗ്യപ്രശ്നങ്ങളുള്ള ഞാൻ അവിടത്തെ കുടുസുമുറിയിലിരുന്ന് എങ്ങനെ കച്ചവടം ചെയ്യും...പച്ചക്കറിയും പഴങ്ങളും വാങ്ങാൻ ആരെങ്കിലും രണ്ടുനില കയറുമോ? പാളയം മാർക്കറ്റിൽ പഴക്കച്ചവടം നടത്തുന്ന ശോഭനയുടെ വാക്കുകളിൽ ആധി. പാളയം മാർക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി പാളയം - ബേക്കറി റോഡിൽ ട്രിഡയുടെ ഭൂമിയിൽ നിർമ്മിച്ച താത്കാലികകേന്ദ്രം കച്ചവടം തകർക്കുമെന്ന അഭിപ്രായത്തിലാണ് ചെറുകിട കച്ചവടക്കാർ. മാളുകളും മറ്റും വന്നതോടെ ആളുകൾ പഴം - പച്ചക്കറി മാർക്കറ്റിലേക്ക് തിരിഞ്ഞുനോക്കാതായ കാലത്ത് രണ്ടാംനിലയിലെത്തി ആര് സാധനം വാങ്ങുമെന്നാണ് ഇവരുടെ ചോദ്യം. തന്നെയുമല്ല ഇപ്പോൾ മാർക്കറ്രിലെത്തുന്നവരിൽ ഏറെപ്പേരും മദ്ധ്യവയസ് പിന്നിട്ടവരാണെന്നും കച്ചവടം 'ഉയര'ത്തിലാവുന്നതോടെ അവരും മാർക്കറ്രിനെ കൈവിടുമെന്നും കച്ചവടക്കാർ ആശങ്കപ്പെടുന്നു.

വെന്റിലേഷൻ പോലുമില്ലാത്ത മുറികളിൽ പഴങ്ങളും പച്ചക്കറികളും വളരെ വേഗം ചീത്തയായി പോകുമെന്നും കച്ചവടക്കാർ പറയുന്നു.ഒന്ന്, രണ്ട് നിലകളിൽ സ്റ്റാളുകൾ അനുവദിച്ചത് തങ്ങളുമായി ആലോചിക്കാതെയാണെന്നും ഇവർ പറയുന്നു.

പേരുവെളിപ്പെടുത്താത്ത മറ്റൊരു കച്ചവടക്കാരി പറഞ്ഞതിങ്ങനെ - ദ്രോഹിക്കാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം. കുടുസുമുറിയിലേക്ക് മാറ്രുന്നതോടെ കച്ചവടക്കാർ ഒഴിഞ്ഞുപോകുമെന്ന് അവർക്കുറപ്പാണ്. അതുകൊണ്ടാണ് വെന്റിലേഷൻ പോലുമില്ലാത്ത ഇത്രയും മുറികൾ പണിതിട്ടത്.

വെന്റിലേഷനില്ലാത്ത

ഇടുങ്ങിയ മുറികൾ

മൂന്ന് കെട്ടിടങ്ങളുള്ള പുതിയ കേന്ദ്രത്തിലെ കുടുസ് മുറികളിൽ പഴങ്ങളും പച്ചക്കറി വില്പന പ്രായോഗികമല്ലെന്ന് കച്ചവടക്കാർ പറയുന്നു. വെന്റിലേഷൻ സൗകര്യമില്ലാത്ത മുറികളിൽ വായുസഞ്ചാരം പരിമിതമാണ്. ആരോഗ്യപ്രശ്നങ്ങളുള്ളവ‌ർക്ക് ഇത്തരം മുറികളിൽ ഇരിക്കാനാവുകയുമില്ല. പുറമേ പഴങ്ങളും പച്ചക്കറികളും വേഗത്തിൽ കേടായിപ്പോവുകയും ചെയ്യും. ലിഫ്റ്റുകൾ സാധനങ്ങൾ മുകളിലെത്തിക്കുന്നതിന് പര്യാപ്തമല്ലെന്നും കച്ചവടക്കാർ പറയുന്നു. വൈകാതെ പുതിയ കെട്ടിടത്തിലേക്ക് കച്ചവടക്കാരെ മാറ്രും.