
കൊച്ചി: ''ഇന്ന് അമലൂന്റെ പിറന്നാളാണ് ,അന്ന് തന്നെ സ്വർണവും കിട്ടി""- സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് വിറയാർന്ന ചുണ്ടുകളോടെ പിതാവ് സുധീഷ് പറഞ്ഞു. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവാട്ടിൽ സ്വർണത്തിലേക്ക് ചാടിയതിന് പിന്നാലെ തന്നെ ഗ്രൗണ്ടിൽ സർപ്രൈസ് പിറന്നാൾ കേക്ക് മുറിക്കാൻ ഭാഗ്യമുണ്ടായത് ഐഡിയൽ എച്ച്.എസ്.എസ് കടകശേരിയുടെ പത്താംക്ളാസ് വിദ്യാർത്ഥിനി അമൽചിത്രയ്ക്കാണ് . അമലൂന്റെ 15-ാം പിറന്നാളായിരുന്നു ഇന്നലെ.
2.90 ഉയരമാണ് മാർബേസിലിന്റെ സെഫാനി നിറ്റുവിനെ മറികടന്ന് അമൽചിത്ര ചാടിക്കടന്നത്.കരിയറിലെ ബെസ്റ്റ് പെർഫോമൻസാണിത്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ പെടാപാപടുപെടുകയാണ് പിതാവ് സുധീഷെങ്കിലും മകളുടെ സ്പോർട്സ് മോഹത്തിന് വേണ്ടി എന്തു ചെയ്യും.തൃശൂർ കള്ളായി സ്വദേശിയാണ് സൂധീഷ്.തൃശൂർ ജനറൽ ആശുപത്രിയിലെ കരാർ അടിസ്ഥാനത്തിലുള്ള ആംബുലൻസ് ഡ്രൈവറാണ്.അമലിന്റെ മാതാവ് വിജിത ഒരു ഇൻഷുറൻസ് കമ്പനിയിലെ സ്വീപ്പറാണ്. പഠന,സ്പോർട്സ് ചെലവുകളെല്ലാം സ്കൂൾ വഹിക്കുന്നത് കൊണ്ട് സുധീഷിന് അല്പം ആശ്വാസമാണ്.