മംഗലപുരം: പാതിവഴിയിൽ നിന്നുപോയ മംഗലപുരം പഞ്ചായത്തിലെ തോപ്പുമുക്ക് -ഇടവിളാകം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അറിയിച്ചു. പണി പൂർത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അടൂർ പ്രകാശ് എം.പി അറിയിച്ചതായും പ്രസിഡന്റ് വ്യക്തമാക്കി. മംഗലപുരം പഞ്ചായത്ത് പ്രധാനമന്ത്രി ഗ്രാമീണ പദ്ധതി പ്രകാരം തോപ്പുമുക്ക്, വിദ്യാമൗണ്ട് സ്കൂൾ, സി.ആർ.പി.എഫ് റോഡ് നവീകരണത്തിനാണ് തുക വകയിരുത്തിയിരുന്നത്.

കരാറുകാരൻ കാലതാമസം വരുത്തിയപ്പോൾ അടൂർ പ്രകാശ് എം.പി, വി.ശശി എം.എൽ.എ, ജില്ലാ പഞ്ചായത്ത് ചീഫ് എൻജിനീയർ, കളക്ടർ, ഉൾപ്പെടെയുള്ളവരോട് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുകയും അടിയന്തിരമായി പണി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങൾ പഞ്ചായത്ത് വഴി നടപ്പിലാക്കിയിട്ടും പലപ്രാവശ്യങ്ങളായി കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും നേരിട്ടും ഫോൺ വഴിയും ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് പണി പൂർത്തീകരിച്ചില്ലെങ്കിൽ പുതിയ ടെൻഡർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചീഫ് എൻജിനീയർ അനിൽകുമാർ അറിയിച്ചു.

പണി മുടങ്ങാൻ കാരണം

3.235 കിലോമീറ്റർ റോഡ് വീതികൂട്ടി മെറ്റലിംഗും ടാറിംഗും നടത്തുന്നതിന് 2.10 കോടി രൂപയാണ് അനുവദിച്ചത്. അഞ്ചു വർഷത്തെ അറ്റകുറ്റപ്പണികൾക്ക് 14.81 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 2022 മേയ് 11നാണ് നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം നടന്നത്. 2023 മേയ് 10ന് മുൻപ് നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. 2023 മേയ് 11മുതൽ 2028മേയ് 10വരെയാണ് അറ്റകുറ്റപ്പണികൾക്ക് കരാർ നൽകിയിരിക്കുന്നത്. എന്നാൽ നിർമ്മാണം തുടങ്ങിയ റോഡിന്റെ പണി പൂർത്തിയാക്കാതെ കരാറുകാരൻ വൈകിപ്പിച്ചതാണ് പണി മുടങ്ങാൻ കാരണം.

പ്രധാന റോഡ്

മംഗലപുരം പഞ്ചായത്തിലെ വരിക്കമുക്ക്, ഇടവിളാകം, കാരമൂട് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ദിവസവും ധാരാളം ആളുകൾ ഉപയോഗിച്ചുവരുന്ന റോഡാണിത്. ഇതുവഴി സ്കൂൾ കുട്ടികളും ആരാധനാലയങ്ങളിൽ പോകുന്നവരും അനേകമാണ്.