1

പൂവാർ: കൈയേറ്റം ഒഴിപ്പിച്ച് മുട്ടയാറിനെ സംരക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടും നടപ്പാക്കാൻ അധികൃതർ വിമുഖത കാട്ടുന്നതായി നാട്ടുകാർ. പൂവാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും നെയ്യാറ്റിൻകര തഹസിൽദാരും പരസ്പരം പഴിചാരി നടപടികൾ മനപൂർവ്വം വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. നെയ്യാറിന്റെ കൈവഴിയായ മുട്ടയാറാണ് കൈയേറ്റവും മാലിന്യനിക്ഷേപവും കാരണം നാശത്തിന്റെ വക്കിലായത്. ഇതിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും അധികൃതരോട് യാചിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഗ്രാമപഞ്ചായത്ത് മുതൽ മന്ത്രിമാർക്കുവരെ നിവേദനങ്ങളും നൽകി. കൂടാതെ കേരള കൗമുദി നിരവധി വാർത്തകളും പ്രസിദ്ധീകരിച്ചു. തുടർന്ന് മുട്ടയാറിലെ കൈയേറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൂവാർ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകൾ കയറിയിറങ്ങി ഗ്രാമവാസികളും മടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ജോൺ ബ്രിട്ടോ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അനുകൂല ഉത്തരവായി. എങ്കിലും പ്രദേശവാസികൾ ആശങ്കയിലാണ്.

സർവേ നടപടികൾ വേഗത്തിലാക്കണം

ഉത്തരവിറങ്ങി 14 മാസം കഴിഞ്ഞിട്ടും നടപടി പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഉത്തരവ് വൈലേഷൻ ഒഴിവാക്കാൻ പഴയാറ്റിൻകര മുതൽ ആയിരംതൈ വരെ സർവേ നടത്തി. ബാക്കിയുള്ള സർവേ നടത്താനായി കാട് തെളിച്ചു നൽകണമെന്നാവശ്യപ്പെട്ട കത്ത് തഹസിൽദാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയതായി പറയുന്നു. കാട് തെളിച്ചു നൽകിയിട്ടുണ്ടെന്ന് സെക്രട്ടറിയും അവകാശപ്പെട്ടു. പരസ്പര അവകാശവാദങ്ങൾ അല്ലാതെ സർവ്വേ നടത്തുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. കോടതി ഉത്തരവ് പ്രകാരം ആദ്യഘട്ടം സർവ്വേ നടത്തണം. കൈയേറ്റംകണ്ടെത്തി ഭൂമി തിരിച്ചുപിടിക്കണം. ഇതിനായി ജില്ലാ കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നിർദ്ദേശം.

ദിശമാറി ഒഴുകിയ മുട്ടയാർ

നൂറ്റാണ്ടുകൾക്ക് മുൻപ് നെയ്യാർ കരകവിഞ്ഞപ്പോൾ ദിശമാറി ഒഴുകിയതാകാം മുട്ടയാർ എന്നാണ് ചരിത്രം. കൃഷികളാൽ സമ്പന്നമായിരുന്നു മുട്ടയാറിന്റെ തീരം. മാവിളക്കടവിൽ തുടങ്ങി പഴയാറ്റിൻകര, ആയിരംതൈ, ആറാട്ടുകടവ്, അരുമാനൂർ ക്ഷേത്രക്കടവ്, ബണ്ട്റോഡ് കടന്ന് നെയ്യാറിൽ ചേരുന്നതാണ് മുട്ടയാർ. ബണ്ട് റോഡിന് കുറുകെ രാജഭരണക്കാലത്ത് നിർമ്മിച്ച 3 ഷട്ടറുള്ള കലിങ്കുണ്ട്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇപ്പോൾ നീരൊഴുക്കുള്ളത്. മറ്റുള്ളവ കൈയേറ്റം കാരണം പ്രവർത്തനരഹിതമാക്കി. ആറിന് ഏകദേശം 50 മീറ്റർ വീതി ഉണ്ടായിരുന്നു. കൈയേറ്റം കാരണം ഇപ്പോൾ പലയിടത്തും 5 മീറ്റർ പോലുമില്ല. വീതി കുറഞ്ഞതോടെ മഴക്കാലത്ത് സമീപ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ പതിവാണ്. പകർച്ചവ്യാധി ഭീതിയുമുണ്ട്.

അധികൃതർ പരസ്പപരം പഴിചാരൽ അവസാനിപ്പിച്ച് സർവ്വേ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കണം.

സരോജിനി ടീച്ചർ, കൺവീനർ മുട്ടയാർ സംരക്ഷണ സമിതി