
തിരുവനന്തപുരം: റോഡിലാകെ വൻകുഴികൾ, പോരാത്തതിന് വെള്ളക്കെട്ടും...പേട്ട കവറടിമുക്ക് കൈതമുക്ക് റോഡിന്റെ ദുരവസ്ഥയാണിത്. വഞ്ചിയൂർ കൈതമുക്ക് പാസ്പ്പോർട്ട് ഓഫീസ് മുതൽ പേട്ട ജംഗ്ഷൻ വരെയുള്ള മൂന്നര കിലോമീറ്റർ റോഡാണ് തകർന്നു കിടക്കുന്നത്.കുഴികളും വെള്ളക്കെട്ടും നിറഞ്ഞ് റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. ഓടയില്ലാത്തതിനാൽ കനത്ത മഴയിൽ വെള്ളക്കെട്ടും രൂക്ഷമാണ്.പരാതിയെ തുടർന്ന് അധികാരികളെത്തി ചെമ്മണ്ണിട്ട് കുഴി മൂടി മടങ്ങിയെന്നും മഴയിൽ ഇതെല്ലാം ഒലിച്ചുപോയെന്നും നാട്ടുകാർ പരാതിപ്പെടുന്നു.വഞ്ചിയൂർ ഉപ്പിടാംമൂട് പാലം വന്നതോടെ മെഡിക്കൽ കോളേജിലേക്കും കിംസ് ഉൾപ്പെടെ കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടവരും എൻ.എച്ച് 47 റോഡിലൂടെ കൈതമുക്ക് വഴി ഈ റോഡ് ഉപയോഗിച്ചിരുന്നു. എന്നാൽ റോഡ് തകർന്നതോടെ പലരും ഇതുവഴിയുള്ള യാത്ര ഉപേക്ഷിച്ചു.റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പരസ്യമായി പ്രതിഷേധിച്ചിരുന്നു.
നടുവൊടിച്ച്
പേട്ടയിൽ നിന്ന് തിരിഞ്ഞ് ഇരുന്നൂറ് മീറ്റർ ചെല്ലുമ്പോഴാണ് ആളെ വീഴ്ത്തുന്ന കുഴികളുടെ തുടക്കം. വീണ്ടും മുന്നൂറ് മീറ്റർ ചെല്ലുമ്പോൾ കവറടി മുക്കിലാണ് നീന്താൻ പാകത്തിൽ റോഡ് തോടായിക്കിടക്കുന്നത്. ഇതുവഴി ടു വീലറിൽ പോയാൽ തെന്നിത്തെറിച്ച് വീഴാം. ചാടിച്ചാടിയുള്ള യാത്ര കാരണം നടുവൊടിയും.