തിരുവനന്തപുരം: അല്പശി ഉത്സവത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട നടന്നു. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ഇന്നലെ രാത്രി എട്ടരയോടെ ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മയാണ് നിർവഹിച്ചത്. ഉത്സവശീവേലിക്കു ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് ആരംഭിച്ചത്.രാജകുടുംബസ്ഥാനി ക്ഷേത്രത്തിൽനിന്നും ഉടവാളുമായി പടിഞ്ഞാറെനടവഴി പുറത്തിറങ്ങി. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണ ഗരുഡവാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും തെക്കേടത്ത് നരസിംഹമൂർത്തിയെയും വെള്ളി ഗരുഡവാഹനത്തിലും എഴുന്നള്ളിച്ചു. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. നിശബ്ദ ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയതിനെ തുടർന്ന് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട് അമ്പും വില്ലും ആവാഹനം കഴിച്ച് സ്ഥാനി രാമവർമ്മയ്ക്ക് കൈമാറി.കരിക്കിൽ അമ്പെയ്തായിരുന്നു പ്രതീകാത്മക വേട്ട നടത്തിയത്. വേട്ട കഴിഞ്ഞുള്ള എഴുന്നള്ളത്ത് വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലേക്ക് മടങ്ങി.വടക്കേ നടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ കടന്നു. ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമി വിഗ്രഹം വച്ച് മുളപാലികയിൽ മുളപ്പിച്ച നവധാന്യങ്ങളൊരുക്കി.

വേട്ടയുടെ ചടങ്ങുകൾക്ക് ഭരണസമിതി അംഗങ്ങളായ ആദിത്യവർമ,കരമന ജയൻ,എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്,മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.കവടിയാർ കൊട്ടാരത്തിൽ നിന്നും പൂയം തിരുനാൾ ഗൗരി പാർവതിബായി,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തുടങ്ങിയവർ വേട്ടയുടെ ദർശനത്തിന് സുന്ദരവിലാസം കൊട്ടാരത്തിലെത്തിയിരുന്നു.

ഇന്ന് പുലർച്ചെ കറവപ്പശുവിനെയും കുട്ടിയെയും മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തും. വൈകിട്ട് അഞ്ചിനാണ് ആറാട്ട് ചടങ്ങുകൾ ആരംഭിക്കുന്നത്. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ച് ആറാട്ട് ഘോഷയാത്രയയ്ക്ക് ആരംഭം കുറിക്കും.തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം,അരകത്ത് ദേവിക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തുകയും തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങുകയും ചെയ്യും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര പോകുന്നത്.ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതുവരെ വിമാനത്താവളം അടച്ചിടും. ഇതുകാരണം ഉച്ച തിരിഞ്ഞുള്ള ഫ്ലൈറ്റുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ശംഖുംമുഖത്തെ കൽമണ്ഡപത്തിലിറക്കിവച്ച വാഹനങ്ങളിൽനിന്ന് വിഗ്രഹങ്ങൾ പൂജകൾക്കുശേഷം സമുദ്രത്തിലാറാടിക്കും. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെയാണ് ഉത്സവം കൊടിയിറങ്ങുന്നത്.