തിരുവനന്തപുരം: മാനവീയം വീഥിയ്‌ക്കു സമീപം ആൽത്തറ ക്ഷേത്രത്തിനടുത്തായി യുവാവിന് കുത്തേറ്റു. വെമ്പായം തേക്കട സ്വദേശി ഷിജിത്തിനാണ് (25) കുത്തേറ്റത്.വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.ഇടത് നെഞ്ചിന് താഴെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഷിജിത്തിനെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെതുടർന്ന് അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്; മാനവീയം വീഥിയിൽ സ്ഥിരമായി എത്തുന്ന സംഘങ്ങളിൽപ്പെട്ടവർ തമ്മിലാണ് സംഘർഷമുണ്ടായത്. ഇന്നലെ ഇവർ തമ്മിൽ വാഗ്വാദമുണ്ടായി. തുടർന്ന് വഴുതക്കാട് റോഡിലേക്ക് പോയ ഇവർ ഇവിടെവച്ച് ഷിജിത്തും വെഞ്ഞാറമൂട് സ്വദേശിയായ ഷിയാസും തമ്മിൽ വാക്കുതർക്കമുണ്ടായി.തുടർന്ന് ഷിയാസ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷിജിത്തിനെ കുത്തുകയായിരുന്നു. കുത്തേറ്റ ഷിജിത്തിനെ ഒപ്പമുണ്ടായിരുന്നവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽ നിന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചപ്പോഴാണ് പൊലീസ് സംഭവമറിയുന്നത്. തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.പരിക്കേറ്റ ഷിജിത്തിന്റെ കൈയിലുണ്ടായിരുന്ന കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിലുള്ളവർ ലഹരി ക്കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.മാനവീയം വീഥിയിലും പരിസരത്തും അടുത്തിടെ അല്പം കുറഞ്ഞിരുന്ന സംഘർഷമാണ് കഴിഞ്ഞ ദിവസം വീണ്ടുമുണ്ടായത്. യുവാവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.ഷിയാസിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.