തിരുവനന്തപുരം: നഗരത്തിൽ രണ്ടുപേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ഇടവേളയ്ക്കു ശേഷം തലസ്ഥാനം വീണ്ടും ഡെങ്കി പകർച്ചവ്യാധി ഭീഷണിയിൽ. ഇതേ തുടർന്ന് ഫോഗിംഗ്,സ്പ്രേയിംഗ് സുരക്ഷാ നടപടികളെടുത്ത് നഗരസഭയും ഹെൽത്ത് വകുപ്പും നിരീക്ഷണം ശക്തമാക്കി. തുടർച്ചയായ മഴയും കാലാവസ്ഥയിലെ മാറ്റവുമാണ് വീണ്ടും പനിയും ഡെങ്കിയും പടരാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. പനി ബാധിതർ സ്വയം ചികിത്സയ്ക്കിക്കാതെ ആശുപത്രികളിൽ ചികിത്സ തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പേട്ട പാൽക്കുളങ്ങര വാർഡിലെ ദേവിനഗർ റസിഡന്റ്സ് അസോസിയേഷൻ 35-ാം നമ്പർ വീട്ടിൽ പ്രതാപചന്ദ്രൻ നായർ(79) ഡെങ്കിപ്പനി ബാധിതനായി ഒക്ടോബർ 23ന് മരണമ‌ടഞ്ഞിരുന്നു. പനിയെ തുടർന്ന് ഇയാളെ 21നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യൂമോണിയ സ്ഥിരീകരിക്കുകയും മരണപ്പെടുകയുമായിരുന്നു. എന്നാൽ ഇയാളുടേത് ആക്ടീവ് ഡെങ്കിയായിരുന്നില്ലെന്നും നേരത്തേ വന്നുപോയതാണെന്നും പിന്നീട് സ്ഥിരീകരണമുണ്ടായി. ഇവിടെ ഹെൽത്ത് അധികൃതർ നടത്തിയ പരിശോധനയിൽ 18കാരനായ ഒരു കോളേജ് വിദ്യാർത്ഥിക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ആശുപത്രി ചികിത്സ തേടിയ ഇയാൾ ഇപ്പോൾ വീട്ടിലെത്തി നിരീക്ഷണത്തിലാണ്. കൂടാതെ പാൽക്കുളങ്ങരയിൽ താമസക്കാരായ രണ്ടുപേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ജോലിയുടെ ഭാഗമായി പാൽക്കുളങ്ങരയിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശികളാണ്. ഡെങ്കി വന്നതോടെ ഇവർ സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

നിറഞ്ഞ് ആശുപത്രികൾ

പനി പടർന്നതോടെ ആശുപത്രികൾ പനിബാധിതരെ കൊണ്ട് ഇപ്പോൾ നിറയുകയാണ്. കടുത്ത ശ്വാസ തടസവും വിട്ടുവിട്ടുള്ള പനിയുമാണ് ആദ്യ ലക്ഷണങ്ങൾ. പരിസര ശുചീകരണമുൾപ്പെടെ ശ്രദ്ധിച്ചില്ലെങ്കിൽ ഈ മഴക്കാലം തലസ്ഥാനം കൂടുതൽ രോഗികളെ കൊണ്ട് നിറയുമെന്ന് ഹെൽത്ത്‌വകുപ്പ് അധികൃതർ പറയുന്നു.

മൂന്ന് തരം ഡെങ്കികൾ

സാധാരണ,ഹെമറോളജി, ഷോക്ക് സിൻഡ്രോം.

ഇവയിൽ ആദ്യത്തേതൊഴികെ മരണകാരണമാകാവുന്നവ.

ഒരിക്കൽ ഡെങ്കി വന്നവർ സൂക്ഷിക്കുക, രണ്ടാമത് വരുന്നത് മരണകാരണമായേക്കാം

പനി ബാധിതർ കൊതുകുവല ഉപയോഗിക്കുക

സ്വയം ചികിത്സ അരുത്

മുട്ടത്തോട്,പൂച്ചെട്ടി,ഫ്രിഡ്ജ്,എയർകണ്ടീഷൻ,കുപ്പികൾ,കൂളർ,പ്ലാസ്റ്റിക് പാത്രങ്ങൾ,കവർ,ചിരട്ട എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക.

പാൽക്കുളങ്ങരയിലെ വീടുകളിലെല്ലാം ആശാവർക്കർമാർ പരിശോധിക്കുന്നുണ്ട്. വാർഡിലെ എല്ലാ അസുഖബാധിതരുടെയും വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ച് ആശുപത്രികളിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.

ദീപ എസ്. നായർ (ആശാവർക്കർ)