sabari

ഒപ്പിടേണ്ടത് കേന്ദ്ര-സംസ്ഥാന-റിസർവ് ബാങ്ക് കരാർ

തിരുവനന്തപുരം: ആറ് ജില്ലകകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമാവുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയ്ക്കായി കേന്ദ്രവും റിസർവ്ബാങ്കുമായി ത്രികക്ഷി കരാറൊപ്പിടാൻ കേരളം. കരാറിന് തയ്യാറാണെന്നും ഏതുവിധേനയും ശബരിപാത യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ 'കേരളകൗമുദി"യോട് പറഞ്ഞു. സർക്കാരിന്റെ മുൻഗണന ഈ പദ്ധതിക്കാണ്. മന്ത്രിസഭാ തീരുമാനമുണ്ടായാൽ കരാറൊപ്പിടാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കമാലി-എരുമേലി ശബരിപാതയ്ക്ക് 3800.94കോടിയാണ് നിർമ്മാണച്ചെലവ്. ഇതിൽ 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. ഈതുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേക്ക് നൽകും. ഇതിനായാണ് കേരളം കരാറൊപ്പിടേണ്ടത്. മഹാരാഷ്ട്രയിൽ റെയിൽവേ വികസനപദ്ധതികൾക്കായി ഇത്തരം കരാറുണ്ട്. കരാറിലെ വ്യവസ്ഥകൾ പഠിക്കാൻ കെ-റെയിലിനെ ചുമതലപ്പെടുത്തി.

ശബരിപ്പാത വന്നാൽ എറണാകുളം,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഗതാഗതസൗകര്യമേറും. ഇതുവരെ റെയിൽവേ കണക്ടിവിറ്റിയില്ലാത്ത മലയോരമേഖലകളിലേക്കും ഇടുക്കിജില്ലയിലേക്കും റെയിൽസൗകര്യമെത്തും. പുനലൂരുമായി ബന്ധിപ്പിച്ചാൽ ഭാവിയിൽ പുനലൂരിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാം.

പണത്തിന്

2വഴികൾ

1)അടിസ്ഥാന സൗകര്യവികസനത്തിനുള്ള കേന്ദ്രത്തിന്റെ ഒന്നരലക്ഷംകോടിയുടെ വായ്പാപദ്ധതിയിൽ നിന്ന് പലിശയില്ലാത്ത വായ്പയെടുക്കാം. 50വർഷം തിരിച്ചടവ് കാലാവധിയുണ്ട്.

2)കിഫ്ബിയിൽനിന്ന് പണം സമാഹരിക്കാം. ഇത് സംസ്ഥാനത്തിന്റെ പൊതുകടത്തിൽപ്പെടുത്തി കടമെടുപ്പ്പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും മറുപടിയില്ല.

ഇനി ചെയ്യേണ്ടത്

274ഹെക്ടർ ഭൂമിയേറ്റെടുക്കണം

14സ്റ്റേഷനുകൾ നിർമ്മിക്കണം

13കിലോമീറ്റർ ടണലുണ്ടാക്കണം

കോൺക്രീറ്റ് ട്രാക്ക്

വയർലെസ് സിഗ്നൽ

കരാറൊപ്പിടാൻ സംസ്ഥാനം സന്നദ്ധമാണ്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കേന്ദ്രവുമായി ചർച്ചതുടരും.

-വി.അബ്ദുറഹിമാൻ, മന്ത്രി