
നെടുമങ്ങാട്: കനത്ത മഴയിൽ നഗര മദ്ധ്യത്തെ കുളവിക്കോണം സ്വകാര്യ ആശുപത്രിയിലും ക്യാന്റീനിലും പരിസര പ്രദേശങ്ങളിലെ വീടുകളിലും തോട്ടിലെ വെള്ളം കയറി. ടൗൺ വാർഡിലെ കുളവിക്കോണം, പറണ്ടോട്, തെക്കുംകര ഭാഗങ്ങളിലാണ് വെള്ളത്തിനടിയിലായത്. ഇന്നലെ വൈകിട്ട് 3ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തികൾ മതിൽ കെട്ടി നീരൊഴുക്ക് പൂർണമായും തടസ്സപ്പെടുത്തിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ആശുപതി അധികൃതർ ആർ.ഡി.ഒയ്ക്കും നഗരസഭ അധികൃതർക്കും പരാതി നൽകി. ചെറു മഴയത്ത് പോലും ആശുപത്രിയിലും വീടുകളിലും വെള്ളം കയറുന്നത് പതിവാണ്. ക്യാന്റീൻ പ്രവർത്തനം നിലച്ചതോടെ 50ഓളം രോഗികളും കൂട്ടിരിപ്പുകാരും ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ആശുപത്രിയിലെ ജനറേറ്റർ കേടായി. താഴത്തെ നിലയിലും ഓപ്പറേഷൻ തിയേറ്ററിലും നാശനഷ്ടമേറെയാണ്. മഴക്കാലമായതിനാൽ അടിയന്തരമായി നീരൊഴുക്കിന് സാഹചര്യമൊരുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.