
തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ എം.എഡ് പ്രവേശനത്തിന് 12ന് സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. 10വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം സെമസ്റ്റർ എം.എഡ് പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി/ബി കോം പരീക്ഷകൾ 22 മുതൽ ആരംഭിക്കും.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷകൾ ഡിസംബർ 2 മുതൽ നടക്കും. നവംബർ 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പരീക്ഷാഫലം
മുന്നും നാലും സെമസ്റ്റർ എം.എ ഹിസ്റ്ററി (പ്രൈവറ്റ് 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മേഴ്സി ചാൻസ് ഡിസംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫീസുകൾ കുത്തനേ
കൂട്ടി കേരള സർവകലാശാല
തിരുവനന്തപുരം: നാലുവർഷ ബിരുദം നടപ്പാക്കുന്നതിന്റെ മറവിൽ പരീക്ഷാ ഫീസുകൾ കുത്തനേ കൂട്ടി കേരള സർവകലാശാല. തിയറി പേപ്പറുകൾക്ക് 50രൂപയിൽ നിന്ന് 150ആയും പ്രാക്ടിക്കലുള്ള തിയറിക്ക് 50ൽ നിന്ന് 250ആയും പരീക്ഷാ ഫീസ് വർദ്ധിപ്പിച്ചു. ഇംപ്രൂവ്മെന്റിന് ഇത് യഥാക്രമം 200,300 രൂപയാണ്. സപ്ലിമെന്ററി പരീക്ഷയ്ക്ക് തിയറിക്ക് ഒരു പേപ്പറിന് 300ഉം പ്രാക്ടിക്കലുള്ള തിയറി പേപ്പറിന് 350ഉം രൂപയാക്കി. നേരത്തേ ഇത് 50,100 രൂപയായിരുന്നു. ഒന്ന്,രണ്ട് സെമസ്റ്ററുകൾക്കുള്ള പരീക്ഷാ ഫീസാണ് കൂട്ടിയത്.
പുനഃപരിശോധനയ്ക്കുള്ള ഫീസ് 300,500 രൂപയാക്കിയിട്ടുണ്ട്. മാർക്ക് ഷീറ്രിനുള്ള ഫീസ് 75 രൂപയാക്കി. ഒന്നിടവിട്ട സെമസ്റ്ററുകളിൽ പരീക്ഷാ നടത്തിപ്പ് ചുമതല കോളേജുകൾക്ക് കൈമാറിയിരിക്കുകയാണ്. മൂല്യനിർണയ ക്യാമ്പ് ഒഴിവാക്കി ഈ സെമസ്റ്ററുകളിൽ കോളേജുകളിലെ അദ്ധ്യാപകർ തന്നെയാണ് മൂല്യനിർണയം നടത്തുന്നത്. മാത്രമല്ല, മേജർ വിഷയങ്ങളിൽ മൂന്ന് മണിക്കൂർ പരീക്ഷയായിരുന്നത് രണ്ടായും ഫൗണ്ടേഷൻ,മൈനർ വിഷയങ്ങളിൽ ഒന്നര മണിക്കൂറായും കുറച്ചിട്ടുണ്ട്. അതിനാൽ സർവകലാശാലയ്ക്ക് പരീക്ഷാ നടത്തിപ്പ് ചെലവ് നാലുവർഷ ബിരുദത്തിൽ കുറയും.
കാലിക്കറ്റ് വാഴ്സിറ്റിയിൽ പരീക്ഷാ ഫീസുകൾ കൂട്ടിയത് വിവാദമായതിന് പിന്നാലെയാണ് കേരളയും ഫീസുകൾ കൂട്ടിയത്. അതേസമയം, പട്ടിക വിഭാഗക്കാർക്കുള്ള ഇ-ഗ്രാന്റുകൾ കൂട്ടിയിട്ടുമില്ല. ഈ തുകയുപയോഗിച്ചാണ് ഇവർ ഫീസുകളടയ്ക്കുന്നത്. സർക്കാർ അനുമതിയില്ലാതെയാണ് ഫീസ് വർദ്ധിപ്പിച്ചതെന്നാണ് സൂചന.
അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്പെഷ്യലിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. https://asapkerala.gov.in/job/notification-for-the-post-of-digital-marketing-team-2/ എന്ന ലിങ്കിലൂടെ 12നകം ഓൺലൈനായി അപേക്ഷിക്കണം.
പ്ലേസ്മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 16ന് രാവിലെ 10 മുതൽ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ 15ന് ഉച്ചയ്ക്ക് ഒന്നിനകം https://tinyurl.com/yyfz7b8y എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്ക്- www.facebook.com/MCCTVM ഫോൺ 0471-2304577