
വർക്കല: അയിരൂർ എം.ജി.എം. മോഡൽ സ്‌കൂളിലെ പ്ലാവിന് സുഖചികിത്സ തുടങ്ങി.സ്‌കൂൾ ഓഡിറ്റോറിയത്തിന് മുന്നിലെ 45 വർഷത്തിലധികം പഴക്കമുള്ള പ്ലാവിനാണ് വൃക്ഷവൈദ്യ ചികിത്സ നടത്തുന്നത്.വൃക്ഷവൈദ്യൻ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സ.സ്‌കൂളിലെ ഇക്കോ,നേച്ചർ ക്ലബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും ചികിത്സയിൽ സഹായികളായി.നല്ല കായ്ഫലമുണ്ടായിരുന്ന പ്ലാവിന്റെ തടിയിൽ അടുത്തിടെ കേടുണ്ടായതിനെത്തുടർന്നാണ് ചികിത്സ നടത്താൻ സ്‌കൂൾ അധികൃതർ തയ്യാറായത്.പാടത്തെ മണ്ണ്, ചെളി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്,ചിതൽപ്പുറ്റ്, വിഴാലരി,പശുവിൻ പാൽ, ചാണകം, എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം, ശർക്കര, രാമച്ചപ്പൊടി എന്നിവ ചേർത്ത് പതിനാലിലധികം ഔഷധക്കൂട്ടുകൾ കുഴച്ച് മരത്തിൽ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്ലാവിന്റെ തടിയിൽ മണ്ണ് കുഴച്ചുപൊത്തിയശേഷം തുണി കൊണ്ട് ചുറ്റിക്കെട്ടി ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിക്കുകയും തടിയിൽ പാൽ സ്‌പ്രേ ചെയ്യുകയുമാണ് ചികിത്സാ രീതി.പ്ലാവിൽ മരുന്നു പുരട്ടി സ്‌കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ.സുകുമാരൻ ചികിത്സയ്ക്കു തുടക്കം കുറിച്ചു.പ്രിൻസിപ്പൽ ഡോ. എസ്.പൂജ,പി.ടി.എ. പ്രസിഡന്റ് ഹരിദേവ്,ഡോ.സജിത്ത് വിജയരാഘവൻ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.