
കൊച്ചി: വെയിലിലും മഴയിലും വാടാതെ ഫുൾപവറിലായിരുന്നു കായിക മേളയിലെ ആവേശം. മേളയിലെ വേഗരാജക്കാരന്മാരെ തിരഞ്ഞെടുക്കുന്ന 100 മീറ്റർ ഓട്ട മത്സരങ്ങളുടെ സമയത്ത് ഗ്യാലറിയിൽ ആവേശം അലതല്ലി. കോതമംഗലം മാർബേസിൽ, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, പാലക്കാട് മുണ്ടൂർ എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ തമ്മിലുള്ള തകർപ്പൻ പോരാട്ടങ്ങൾക്കാണ് ട്രാക്ക് സാക്ഷിയായത്. വൈകിട്ട് നടന്ന സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ ആവേശം വാനോളം ഉയർന്നു. 2015 ൽ മരിയ ജെയ്സൺ കുറിച്ച റെക്കാഡ് 9വർഷത്തിന് ശേഷം മാർബേസിലിന്റെ ജീനാബേസിൽ തിരുത്തിയത് ചരിത്രമായി. പോളിൽ കുത്തി വാനിൽ ഉയരുമ്പോൾ ഹർഷാരവും നൽകിയാണ് ജീനയെ ഗാലറി പ്രോത്സാഹിപ്പിച്ചത്.പോൾവോൾട്ടിന് ശേഷം ചാറ്റൽ മഴയിലാണ് 100 മീറ്റർ പോരാട്ടങ്ങൾ നടന്നത്. മഴയെക്കൂസാതെ വേഗ താരങ്ങൾക്ക് ഗ്യാലറി ഒന്നാകെ പ്രോത്സാഹനം നൽകി.