വെള്ളറട: ഭീതി വിട്ടുമാറാതെ അമ്പൂരിയിലെ ജനങ്ങളിൽ ആ നടുക്കം ഇന്നലെയും. കനത്ത മഴപെയ്തപ്പോൾ പഴയദുരന്തത്തിന്റെ ഓർമ്മ വിട്ടുമാറിയിട്ടില്ല. മുപ്പത്തിഒൻപത് പേരുടെ ജീവനാണ് 2001 നവംബർ 9ന് ഉരുൾപൊട്ടൽ കവർന്നത്. ഒരു കുടുംബത്തിൽ ഒരാളെ മാത്രം അവശേഷിപ്പിച്ചു കൊണ്ടാണ് ദുരന്തം കടന്നുപോയത്. പ്രിയപ്പെട്ടവരെല്ലാം കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് കുത്തിയൊലിച്ചുവന്ന മലവെള്ളം സി.ഡി. തോമസ് എന്ന ഗൃഹനാഥനെ മാത്രം അവശേഷിപ്പിച്ചു.അമ്പൂരി കുമ്പിച്ചലിനു സമീപത്താണ് ദുരന്തം സംഭവിച്ചത്. 2001 നവംബർ ഒമ്പതിനായിരുന്നു അമ്പൂരിയിലെ ദുരന്തം വിതച്ച കറുത്ത വെള്ളിയാഴ്ച. ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട തോമസ് അതിന്റെ ഓർമകളും പേറി ഇന്നും ജീവിക്കുന്നു. 2001 നവംബർ 10ന് തോമസിന്റെ മകന്‍ ബിനുവിന്റെ മനസമ്മതത്തിന് ഒത്തുകൂടിയ എടത്വ, എരുമേലി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ബന്ധുക്കൾ ഉൾപ്പെടെ 25 പേരാണ് സി .ഡി തോമസിന്റെ വീട്ടിൽ മലവെള്ളപ്പാച്ചിലിൽ മരിച്ചത്. ഭാര്യയും മക്കളും പേരക്കിടാങ്ങളുമെല്ലാം നഷ്ടപ്പെട്ട തോമസ് മൂന്നു ദിവസത്തോളം ആശുപത്രിയിൽ അത്യാസന്നനിലയിലായിരുന്നു. ജീവിതത്തിലേക്കു മടങ്ങിവന്ന തോമസിനെ വരവേറ്റത് കല്ലിന്മേൽ കല്ല് അവശേഷിക്കാതെ മൺകൂന മാത്രമായ വീടും പ്രിയപ്പെട്ടവരുടെ ഓർമകളും മാത്രം.