നേമം: നേമം സർവീസ് സഹകരണ ബാങ്കിലെ അഴിമതി അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപണം. തട്ടിപ്പ് കണ്ടെത്തി രണ്ട് മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിന്റെ കാൽഭാഗം പോലും ആയിട്ടില്ലെന്നും ഇത് തട്ടിപ്പുകാരെ സഹായിക്കാനാണെന്നും നിക്ഷേപക കൂട്ടായ്മ ആരോപിച്ചു. ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് കേസ് അന്വേഷിക്കുന്നത്. കൈയെഴുത്ത് രേഖകളാണ് ഇവിടെയുള്ളത്. ഇത് ഒരു ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിച്ച് തീർപ്പാക്കാനാകില്ലെന്നും കൂട്ടായ്മ ആരോപിച്ചു.
ഇതിനുപിന്നിൽ അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള സഹകരണ ഡിപ്പാർട്മെന്റിന്റെ ശ്രമമാണെന്നും ആരോപണമുണ്ട്. കോടികളുടെ തട്ടിപ്പായിരുന്നിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാത്തതിലും ദുരൂഹതയുണ്ടെന്ന് കൂട്ടായ്മ ആരോപിച്ചു.
എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കണമെന്നും പൊലീസ് എഫ്.ഐ.ആറിൽ പ്രതികളായ ബാങ്കിലെ മുൻ സെക്രട്ടറിമാരെയും മുൻ ഭരണസമിതി ഭാരവാഹികളെയും ഉടനെ അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും, കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.